റിയാദ് : വിദേശ ഭീകരസംഘടനയിൽ ചേർന്ന് പ്രവർത്തിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെയും കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ചെയ്ത അഞ്ച് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശ ഭീകരസംഘടനയിൽ അംഗങ്ങളാവുക, സുരക്ഷാ സേനയ്ക്ക് നേരെയും സുരക്ഷാ ആസ്ഥാനങ്ങൾക്ക് നേരെയും വാഹനങ്ങൾക്ക് നേരെയും തോക്കുകളും ബോംബുകളും ഉപയോഗിച്ച് വെടിയുതിർക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ തെളിഞ്ഞത്.
മാരകായുധങ്ങളും വെടിയുണ്ടകളും കൈവശം വയ്ക്കുകയും രാജ്യത്തിനകത്ത് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായി സാമ്പത്തിക സഹായവും മറ്റ് സൗകര്യങ്ങളും ചെയ്തുനൽകുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവിട്ടത്. കോടതി വിധിച്ച തസീർ (കോടതിയുടെ വിവേചനാധികാരത്തിലുള്ള) വധശിക്ഷയാണ് നടപ്പാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

