തിരുവനന്തപുരം : വൻവിവാദത്തെ തുടർന്ന് ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വില്പനക്ക് അനുമതി നൽകിയ തീരുമാനം റദ്ദാക്കാൻ ഒരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും അറിയാതെ ബേക്കറിക്ക് ഹോര്ട്ടി വൈൻ വിൽക്കാൻ എക്സൈസ് കമ്മീഷണര് ലൈസന്സ് അനുവദിച്ചതിനാലാണ് നടപടി. നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാൻ മന്ത്രിയുടെ നിർദ്ദേശം നല്കി. അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റും.
ബേക്കറികളിലൂടെ 15% വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പന തുടങ്ങിയതില് എക്സൈസ് കമ്മീഷണറോട് എക്സൈസ് മന്ത്രി എം ലിജു അടിയന്തിരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള ലൈസൻസ് നൽകിയത് സർക്കാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ഇക്കാര്യത്തിൽ മന്ത്രിയും മുഖ്യമന്ത്രിയും അതൃപ്തി അറിയിച്ചു.
നയപരമായ തീരുമാനം എടുക്കും മുൻപ് ആലോചന നടന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. എന്നാല്, നിയമപ്രകാരമാണ് നടപടിയെന്ന് എക്സൈസ് കമ്മീഷണറേറ്റ് അറിയിച്ചു. ജൂൺ മാസത്തിലാണ് ഹോർട്ടിവൈൻ വിൽപ്പനക്കുള്ള ലൈസൻസ് അനുവദിച്ചത്. 86% നികുതി ഘടനയോടെയാണ് തീരുമാനം. നികുതി ഘടനയിൽ ഇളവ് തേടി സംരഭകരും രംഗത്തെത്തിയിരുന്നു. നികുതി ഘടന കുറയ്ക്കണമെന്നാണ് സംരഭകർ ആവശ്യപ്പെടുന്നത്.

