തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനുമെതിരെ കേരളത്തിൽ നടന്ന പ്രതിഷേധങ്ങളും സുരക്ഷാ വീഴ്ചകളും സംസ്ഥാനത്തിന്റെ ഭാവിക്ക് വൻ തിരിച്ചടിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത്തരം ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ നാടകങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധം വഷളാക്കും. ഇത് കേരളത്തിലേക്ക് വരേണ്ട വൻകിട നിക്ഷേപങ്ങളെയും പുതിയ തൊഴിലവസരങ്ങളെയും നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. രാഷ്ട്രീയ ഭേദമന്യേ കേന്ദ്ര നേതാക്കളെ സ്വീകരിക്കുന്ന തമിഴ്നാടിന്റെ മാതൃക കേരളം കാണണമെന്ന് അദ്ദേഹം പറഞ്ഞു.
അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധമാണ് അദ്ദേഹം പങ്കുവെച്ച ആദ്യത്തെ സംഭവം. ഒരു കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരെ ഇത്തരം പ്രതിഷേധം നടത്തുന്നത് കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വിമർശിച്ചു.
രണ്ടാമത്തേത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന് അരികിലൂടെ യുവാക്കൾ ബൈക്കിൽ അപകടകരമായി കടന്നുപോയ സംഭവമാണ്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും ഇത് ആസൂത്രിതമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന്റെയൊന്നും ഇരകൾ രാഷ്ട്രീയ നേതാക്കളല്ലെന്നും മറിച്ച് തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുന്ന സാധാരണ മലയാളി യുവാക്കളാണ് ഇതിന്റെ വില നൽകേണ്ടി വരുന്നത്.ഒരു സംസ്ഥാനം നിക്ഷേപ സൗഹൃദമാണോ എന്ന് കേന്ദ്ര സർക്കാരും വ്യവസായികളും വിലയിരുത്തുന്നുണ്ട്. നിരന്തരമുള്ള ഹർത്താലും കേന്ദ്ര വിരുദ്ധ സമരങ്ങളും ഈ പ്രതിച്ഛായ തകർക്കും.
കഴിഞ്ഞ പത്ത് വർഷമായി പിണറായി സർക്കാരിന്റെ കീഴിൽ കേരളം നേരിടുന്ന തൊഴിലില്ലായ്മക്കും വികസന മുരടിപ്പിനും പ്രധാന കാരണം കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നുണ പ്രചാരണ രാഷ്ട്രീയമാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കേരളത്തെ രക്ഷിക്കാൻ ഈ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

