കോട്ടയം : പുതിയ കെഎസ്ആർടിസി ബസുകൾ വാങ്ങുന്നതിന് 90 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതായി മാണി സി.കാപ്പൻ എംഎൽഎ. ഇതു സംബന്ധിച്ച കത്ത് അദ്ദേഹം കളക്ടർക്കു കൈമാറി. എംഎൽഎമാരുടെ ആസ്തി വികസന ഫണ്ടിൽനിന്ന് പരമാവധി 3 ബസുകൾ വാങ്ങുന്നതിന് ഫണ്ട് നൽകണമെന്ന സർക്കാർ നിർദേശത്തെത്തുടർന്നാണ് നടപടി. കെഎസ്ആർടിസിയിലെ ജനക്ഷേമ പരിപാടികൾ മുൻപോട്ടു കൊണ്ടുപോകുന്നതിന് യുഡിഎഫ് സർക്കാർ എംഎൽഎമാരുടെ സഹകരണം തേടിയിരുന്നു.
ഇടതു സർക്കാർ നിർത്തലാക്കിയ കെഎസ്ആർടിസി റൂട്ടുകളിലൂടെ പുതിയ ബസുകൾ വാങ്ങി ഉപയോഗിക്കുന്നതിനാണ് സർക്കാർ ശ്രമം. ഒരു വർഷം 5 കോടി രൂപയാണ് എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട്.ബസുകൾ ഇല്ലാത്തതിനാലും റൂട്ടുകൾ ലാഭകരമല്ലാത്തതിനാലും, പാലാ ഡിപ്പോയിൽനിന്നു സർവീസ് നടത്തിയിരുന്ന ചില ബസുകൾ നിർത്തലാക്കിയിട്ടുണ്ട്. ജില്ലയിൽ വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം വർഷങ്ങളായി നിലനിർത്തിയിരുന്ന പാലാ ഡിപ്പോയോട് കഴിഞ്ഞ സർക്കാർ തികഞ്ഞ അവഗണനയാണ് കാണിച്ചിരുന്നതെന്ന് മാണി സി.കാപ്പൻ പറഞ്ഞു.
ഡിപ്പോയുടെ നഷ്ടപ്രതാപം വീണ്ടെടുത്ത് ജനോപകാരപ്രദമായ ബസ് റൂട്ടുകൾ ആരംഭിക്കുന്നതിനായാണ് പുതിയ ബസുകൾ വാങ്ങാൻ ഫണ്ട് അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി സി.പി.ജോണുമായി കൂടിയാലോചനകൾ നടത്തിയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തും ഡിപ്പോയുടെ സുഗമമായ പ്രവർത്തനങ്ങൾക്കു നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

