വാഷിങ്ടൺ: ഫ്ലൈദുബൈ വിമാനത്തിലുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് താൻ വ്യക്തിപരമായി വിശ്വസിക്കുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ തെഹ്‌റാനാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്ന അന്തിമ തെളിവുകളൊന്നും താൻ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പ്രതികരണം.
തിങ്കളാഴ്ച ജോയിന്റ് ബേസ് ആൻഡ്രൂസിൽ നിന്ന് എയർ ഫോഴ്സ് വണ്ണിൽ കയറുന്നതിനിടയിലാണ് ഫ്ലൈദുബൈ സംഭവത്തിൽ ഇറാനിയൻ ബന്ധമുണ്ടോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നൽകിയത്. താൻ വ്യക്തിപരമായി അങ്ങനെ വിശ്വസിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ അതേസമയം, അലാസ്കയിലേക്ക് പോകുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് കൂടുതൽ കരുതലോടുകൂടിയാണ് പ്രതികരിച്ചത്.

