Thursday, October 1, 2026
HomeNewsട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചലാൻ പിഴകൾ ഒടുക്കാത്ത വാഹന ഉടമകൾക്കെതിരെ കടുത്ത നടപടികൾ വേണം: സുപ്രീം കോടതി

ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചലാൻ പിഴകൾ ഒടുക്കാത്ത വാഹന ഉടമകൾക്കെതിരെ കടുത്ത നടപടികൾ വേണം: സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ഇ-ചലാൻ പിഴകൾ ഒടുക്കാത്ത വാഹന ഉടമകൾക്കെതിരെ കടുത്ത നടപടികളുമായി സുപ്രീം കോടതി. പിഴ തുക പൂർണ്ണമായി അടച്ചുതീർക്കുന്നത് വരെ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ, മലിനീകരണ സർട്ടിഫിക്കറ്റ് (PUC), ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശം മാറ്റൽ, ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ എന്നിവയുൾപ്പെടെയുള്ള എല്ലാ സേവനങ്ങളും അടിയന്തരമായി മരവിപ്പിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സുപ്രീം കോടതി കർശന നിർദ്ദേശം നൽകി.

ആയിരക്കണക്കിന് ഇ-ചലാനുകൾ തയാറാക്കുന്നത് കൊണ്ട് മാത്രം റോഡ് സുരക്ഷ ഉറപ്പാക്കാനാകില്ലെന്നും, പിഴ തുക കൃത്യമായി ഈടാക്കാൻ അധികാരികൾക്ക് സാധിക്കണമെന്നും ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 49,000 കോടിയിലധികം രൂപയുടെ ട്രാഫിക് പിഴ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ഈ സുപ്രധാന വിധി.കുടിശ്ശികയുള്ള ഇ-ചലാനുകളുള്ള വാഹനങ്ങൾ കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ‘പരിവാഹൻ’ പോർട്ടലിൽ നേരിട്ട് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. ഇതോടെ ഈ വാഹനങ്ങൾ വിൽക്കാനോ മറ്റൊരാളുടെ പേരിലേക്ക് മാറ്റാനോ സാധിക്കില്ല. ഉടമയുടെ വിലാസം മാറ്റുന്നതുപോലുള്ള ചെറിയ ആവശ്യങ്ങൾ പോലും പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി.

നിലവിലുള്ള ട്രാഫിക് പിഴകൾ പൂർണ്ണമായി തീർപ്പാക്കാതെ ഒരു വാഹനത്തിനും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (PUC) നൽകാൻ പാടില്ല. ഒന്നിലധികം തവണ നിയമലംഘനം നടത്തുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നത് തടയും. മാത്രമല്ല, നിലവിലുള്ള ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികളും അധികൃതർ സ്വീകരിക്കണം. ഒരു വർഷത്തിനുള്ളിൽ അഞ്ചോ അതിലധികമോ തവണ നിയമലംഘനം നടത്തുന്നത് പൊതുജനങ്ങൾക്ക് ശല്യമോ അപകടമോ ഉണ്ടാക്കുന്ന പ്രവൃത്തിയായി കണക്കാക്കും.

റോഡുകളിൽ നടത്തുന്ന പെട്ടെന്നുള്ള പരിശോധനകളിൽ പിഴയടക്കാത്ത ഇ-ചലാനുകൾ കണ്ടെത്തിയാൽ വാഹനം ഉടൻ തന്നെ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. അമിതഭാരം കയറ്റിയ വാഹനങ്ങൾ കണ്ടെത്തിയാൽ, അധിക ഭാരം ഇറക്കിമാറ്റുന്നതുവരെ ആ പോയിന്റിൽ നിന്ന് മുന്നോട്ട് പോകാൻ അനുവദിക്കില്ല. ടോൾ പ്ലാസകളിലെ വെയ്‌ബ്രിഡ്ജ് സംവിധാനങ്ങളുമായി ഇതിനെ ബന്ധിപ്പിക്കും.

2012 മുതൽ സുപ്രീം കോടതി നിരീക്ഷിച്ചുവരുന്ന റോഡ് സുരക്ഷാ കേസിലാണ് ഈ സുപ്രധാന വിധി. സ്പീഡ് ക്യാമറകൾ, സിസിടിവി, സ്പീഡ് ഗണ്ണുകൾ എന്നിവയുപയോഗിച്ചുള്ള ഇലക്ട്രോണിക് പരിശോധനകൾ കൂടുതൽ ശക്തമാക്കാനും, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ ഉടനടി നടപ്പിലാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നിർദ്ദേശങ്ങൾ വെറും കടലാസിൽ ഒതുങ്ങരുതെന്നും കൃത്യമായ സമയപരിധിക്കുള്ളിൽ സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കണമെന്നും കോടതി ഓർമ്മിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments