ന്യൂഡൽഹി : ശബരിമല യുവതീപ്രവേശനം സംബന്ധിച്ച കേസിൽ വിധി എഴുതി തുടങ്ങി ജസ്റ്റിസ് ബി.വി. നാഗരത്ന. ഒരു ദേശീയ ദിനപത്രമാണ് റിപ്പോർട്ട് പുറത്തുവിട്ടത്.രാജ്യത്തെ മതസ്വാതന്ത്ര്യം, ഭരണഘടനാപരമായ ജുഡീഷ്യൽ റിവ്യൂ, മതങ്ങളിലെ ‘അനിവാര്യ ആചാരങ്ങൾ’ എന്നിവയുടെ വ്യാപ്തി നിർണയിക്കുന്ന സുപ്രധാന വിധിയാണ് പുറത്തുവരാനിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ഭരണഘടനാ ബെഞ്ചിൽ വിധി എഴുതാൻ ആരംഭിക്കുന്ന ആദ്യ ജഡ്ജിയാണ് അവർ. ബെഞ്ചിലെ മറ്റ് ജഡ്ജിമാർക്കും സ്വതന്ത്രമായി സ്വന്തം വിധികൾ എഴുതാമെങ്കിലും, ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് നാഗരത്ന വിധി എഴുതാൻ തുടങ്ങിയത് ദേശീയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
16 ദിവസം നീണ്ടുനിന്ന മാരത്തൺ വാദങ്ങൾക്ക് ശേഷം മേയ് 14-നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എം.എം. സുന്ദരേശ്, അഹ്സാനുദ്ദീൻ അമാനുല്ല, അരവിന്ദ് കുമാർ, അഗസ്റ്റിൻ ജോർജ്ജ് മസീഹ്, പ്രസന്ന ബി. വരാലെ, ആർ. മഹാദേവൻ, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാനായി മാറ്റിവെച്ചത്. ഹർജി അഞ്ച് അംഗ ഭരണഘടന ബെഞ്ചാണ് ആദ്യം പരിഗണിച്ചത്. ഈ ബെഞ്ച് തയാറാക്കിയ ചോദ്യങ്ങളിൽ ഒമ്പത് അംഗ ബെഞ്ച് വാദം കേൾക്കുകയായിരുന്നു.

