ടെൽ അവീവ് : ദുബായ്-ടെൽഅവീവ് ഫ്‌ളൈ ദുബായ് വിമാനത്തിലുണ്ടായ അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സഹ പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച ഫ്‌ളൈ ദുബായ് പൈലറ്റ് വിമാനം തകർക്കാൻ ഉദ്ദേശിച്ചിരുന്നതായി തെളിവുകൾ സൂചിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. മിക്കവാറും ഇസ്രയേലികളായ യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ഇസ്രയേലിനോട് അടുത്തപ്പോഴായിരുന്നു സംഭവം. ആക്രമണം നടത്തിയ പൈലറ്റ് വിമാനത്തിലെ സംവിധാനങ്ങൾ തകരാറിലാക്കാനും യാത്രക്കാരുമായി വിമാനം ഇടിച്ചിറക്കാനും ശ്രമിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രയേലി യാത്രക്കാരനും ജീവനക്കാരിലൊരാളും ചേർന്നാണ് കോക്ക്പിറ്റിൽ കയറി അക്രമിയായ പൈലറ്റിനെ തടഞ്ഞതെന്ന് നെതന്യാഹു വീഡിയോ പ്രസ്താവനയിലൂടെ വ്യക്തമാക്കി. തുടർന്ന് മറ്റൊരു ജീവനക്കാരൻ കോക്ക്പിറ്റിൽ കയറി വിമാനം സുരക്ഷിതമാക്കുകയായിരുന്നു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇസ്രായേൽ സാഹചര്യം വിലയിരുത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ കോ-പൈലറ്റിനെ നിലവിൽ സൗദി അറേബ്യ ചോദ്യം ചെയ്തുവരികയാണ്.
ദുരന്തം ഒഴിവാക്കാനായി ധീരത പ്രകടിപ്പിച്ച വ്യക്തികളെ നെതന്യാഹു പ്രശംസിച്ചു. അവർ വലിയൊരു ദുരന്തമാണ് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം ശ്രമങ്ങൾ തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കാൻ ഇസ്രായേലിന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവം നടന്നയുടൻ നെതന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉന്നതതല ചർച്ചകൾ നടത്തി.
ധീരരായ ഇസ്രയേലികൾ പരാജയപ്പെടുത്തിയ ജിഹാദി ഭീകരാക്രമണ ശ്രമമായിരുന്നു ഇതെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് പ്രതികരിച്ചു. കോക്ക്പിറ്റിലേക്ക് ഇടിച്ചുകയറി അക്രമിയെ കീഴ്‌പ്പെടുത്തിയ യാത്രക്കാരുടെ ധൈര്യം കൊണ്ടാണ് വൻ അപകടം ഒഴിവായതെന്നും, അവർ വിമാനത്തിന്റെ നിയന്ത്രണം അവിടെയുണ്ടായിരുന്ന മറ്റൊരു ഫ്‌ളൈറ്റ് ക്രൂവിന് തിരികെ ഏൽപ്പിച്ചുവെന്നും കാറ്റ്‌സ് പ്രസ്താവനയിൽ വ്യക്തമാക്കി.
അതേസമയം, കോക്ക്പിറ്റിൽ വാക്കേറ്റമുണ്ടായതായും സംഭവത്തിന്റെ യഥാർത്ഥ കാരണം അന്വേഷിച്ചു വരികയാണെന്നും ഫ്‌ളൈദുബായ് വക്താവ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ വിമാനം സുരക്ഷിതമായി നിയന്ത്രണത്തിലാക്കി തബൂക്ക് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട് ലാൻഡ് ചെയ്യിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ ലക്ഷ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ ഔദ്യോഗിക അന്വേഷണം പൂർത്തിയാകുന്നതുവരെ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഫ്ളൈദുബായ് അഭ്യർത്ഥിച്ചു.
ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ അട്ടിമറി ശ്രമവും ആക്രമണവും ചെറുത്ത് വൻ ദുരന്തം ഒഴിവാക്കിയത് മുംബൈ സ്വദേശിയായ ക്യാപ്റ്റൻ സ്മിത് മച്ചാർ. ബുധനാഴ്ച കോക്പിറ്റിനുള്ളിൽ വെച്ച് ഒമാൻ സ്വദേശിയായ സഹപൈലറ്റ് സ്മിതിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ജീവൻ തൃണവൽഗണിച്ച് ആക്രമണത്തെ ചെറുത്തുതോൽപ്പിച്ച സ്മിതിന്റെ ധീരതയാണ് 180-ഓളം വരുന്ന യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.വിമാനം താഴേക്ക് പതിക്കുന്നതിനിടയിൽ നടന്ന നാടകീയമായ പോരാട്ടത്തിൽ മുൻനിരയിലിരുന്ന ഇസ്രയേലി യാത്രക്കാരും ഒടുവിൽ കോക്പിറ്റിലേക്ക് ഇരച്ചുകയറി സഹപൈലറ്റിനെ നേരിടുകയായിരുന്നു. തുടർന്ന് അക്രമിയെ കോക്പിറ്റിൽ നിന്ന് പുറത്താക്കുകയും വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്ന ഇസ്രയേലി ദന്തഡോക്ടർ കൃത്യസമയത്ത് നൽകിയ അടിയന്തര പ്രഥമശുശ്രൂഷയാണ് രക്തം വാർന്നുപോയ ക്യാപ്റ്റൻ സ്മിത് മച്ചാറുടെ ജീവൻ നിലനിർത്തിയത്.

