Wednesday, September 30, 2026
HomeAmericaവൈറ്റ് ഹൗസ് വിലക്കിനെതിരെ മാധ്യമ സ്ഥാപനങ്ങൾ വീണ്ടും ഫെഡറൽ കോടതിയിലേക്ക്

വൈറ്റ് ഹൗസ് വിലക്കിനെതിരെ മാധ്യമ സ്ഥാപനങ്ങൾ വീണ്ടും ഫെഡറൽ കോടതിയിലേക്ക്

വാഷിംഗ്ടൺ : വൈറ്റ് ഹൗസ് പ്രവേശനം തടഞ്ഞുകൊണ്ടുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെതിരെ പ്രമുഖ രാജ്യാന്തര മാധ്യമങ്ങളായ സിഎൻഎൻ , പൊളിറ്റിക്കോ, എംഎസ് നൗ എന്നിവർ നിയമപോരാട്ടത്തിലേക്ക്. കേസിൽ അന്തിമ തീർപ്പുണ്ടാകുന്നത് വരെ വിലക്ക് പൂർണ്ണമായി തടയണമെന്ന് ആവശ്യപ്പെട്ട് മാധ്യമ സ്ഥാപനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചു. ജഡ്ജിയുടെ താൽക്കാലിക സ്റ്റേ ഉത്തരവ് നിലനിൽക്കെത്തന്നെ, ഭരണകൂടം മാധ്യമങ്ങൾക്കെതിരെയുള്ള വിലക്ക് പരസ്പരവിരുദ്ധമായ രീതിയിൽ നടപ്പിലാക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു.

പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രാവിമാനമായ ‘എയർ ഫോഴ്സ് വണ്ണിൽ’ നിന്ന് സിഎൻഎന്നിനെ വിലക്കിയതും, വൈറ്റ് ഹൗസ് വാർത്താ ശേഖരണത്തിനായുള്ള മാധ്യമക്കൂട്ടായ്മയായ ‘പ്രസ് പൂളിൽ’ നിന്ന് ഒഴിവാക്കിയതുമാണ് പുതിയ നിയമനടപടികൾക്ക് ആധാരം. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും തങ്ങൾക്ക് അനുകൂലമല്ലാത്ത വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ ശിക്ഷിക്കുക മാത്രമാണ് പ്രസിഡന്റിന്റെ ലക്ഷ്യമെന്നും മാധ്യമങ്ങൾക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകൻ തിയോഡോർ ജെ. ബൗട്രസ് ജൂനിയർ വ്യക്തമാക്കി.

അതേസമയം, വാർത്താ മാധ്യമങ്ങളുടെ പ്രവേശനം നിഷേധിച്ച നടപടിയെ അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് ന്യായീകരിച്ചു. വൈറ്റ് ഹൗസ് എന്നത് ജനങ്ങളുടെ വീടാണെന്നും അവിടെ പ്രവേശനം ലഭിക്കുക എന്നത് മാധ്യമങ്ങളുടെ അവകാശമല്ല, മറിച്ച് ഒരു പദവി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ചില മാധ്യമങ്ങൾ നിരന്തരം വ്യാജവാർത്തകൾ നൽകുകയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നും അറ്റോർണി ജനറൽ ആരോപിച്ചു.

എന്നാൽ ഭരണകൂടത്തിന്റെ ഈ വാദങ്ങളെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി തിമോത്തി കെല്ലി കഴിഞ്ഞ ആഴ്ച നടന്ന വാദത്തിനിടെ തള്ളിയിരുന്നു. മാധ്യമങ്ങളുടെ പ്രവേശനം പെട്ടെന്ന് തടയുന്നതിന് മുൻപ് അവർക്ക് കൃത്യമായ വിശദീകരണത്തിനുള്ള അവസരം ഭരണകൂടം നൽകിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ ദേശീയ സുരക്ഷാ ഭീഷണിയാണ് വിലക്കിന് പിന്നിലെന്ന വാദത്തെ കോടതി സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

സിഎൻഎന്നിന് നേരെയുള്ള അപ്രഖ്യാപിത വിലക്കിൽ പ്രതിഷേധിച്ച് എബിസി, സിബിഎസ്, എൻബിസി, ഫോക്സ് ന്യൂസ് തുടങ്ങിയ മറ്റ് മുൻനിര മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ സഹപ്രവർത്തകരെ വിലക്കിയ നടപടിയോട് പ്രതിഷേധിച്ച് വൈറ്റ് ഹൗസ് വാർത്താ കവറേജുകൾ പലതവണ മറ്റ് ചാനലുകൾ ബഹിഷ്കരിച്ചു. ജഡ്ജി തിമോത്തി കെല്ലി നേരത്തെ അനുവദിച്ച താൽക്കാലിക സ്റ്റേ ഉത്തരവിന്റെ കാലാവധി ഒക്ടോബർ 8-ന് അവസാനിക്കാനിരിക്കെ, പുതിയ ഹർജിയിൽ കോടതി എടുക്കുന്ന തീരുമാനം യു.എസിലെ മാധ്യമ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് നിർണായകമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments