Tuesday, September 29, 2026
HomeAmericaഅമേരിക്കയിൽ വൻ ഉരുക്കു നിർമ്മാണശാല വരുന്നു: ചർച്ചകളുമായി ട്രംപ് ഭരണകൂടം

അമേരിക്കയിൽ വൻ ഉരുക്കു നിർമ്മാണശാല വരുന്നു: ചർച്ചകളുമായി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ : അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുക്കു നിർമ്മാണശാല അയോവയിൽ സ്ഥാപിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രമുഖ കമ്പനിയായ മെസാബി മെറ്റാലിക്സ് 15 ബില്യൺ ഡോളർ (ഏകദേശം 1.2 ലക്ഷം കോടിയിലധികം രൂപ) നിക്ഷേപത്തിലാണ് ഈ മെഗാ പ്ലാന്റ് നിർമ്മിക്കുന്നത്. ഓവൽ ഓഫീസിൽ നടന്ന ചടങ്ങിൽ വെച്ചായിരുന്നു പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം.

“അയോവയിൽ മെസാബി മെറ്റാലിക്സ് വലിയൊരു നിക്ഷേപം നടത്താൻ പോകുകയാണെന്ന വിവരം അതീവ സന്തോഷത്തോടെ അറിയിക്കുന്നു. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉരുക്കു നിർമ്മാണശാലയായിരിക്കും ഇത്,” ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മെസാബി എക്സിക്യൂട്ടീവുകളും അയോവയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.2030-ഓടെ പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്ന പ്ലാന്റിൽ നിന്നും പ്രതിവർഷം 7.5 ദശലക്ഷം ടണ്ണിലധികം ഉരുക്ക് ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ അയോവയിൽ 1,750 സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. വിദേശ മത്സരങ്ങളെ പ്രതിരോധിച്ച് ആഭ്യന്തര ഉരുക്ക് ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയങ്ങളുടെ ഭാഗമായാണ് ഈ നീക്കം. ഭാവിയിൽ രാജ്യത്തിന്റെ പ്രതിരോധ പദ്ധതികൾക്ക് ആവശ്യമായ ഉരുക്ക് ഇവിടെ നിന്ന് കണ്ടെത്താനാകും.

പ്ലാന്റ് അയോവയുടെ തെക്കുകിഴക്കൻ മേഖലയിലായിരിക്കും സ്ഥാപിക്കുകയെന്ന് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് സൂചിപ്പിച്ചു. 1960-കൾക്ക് ശേഷം യു.എസിൽ നിർമ്മിക്കുന്ന ആദ്യത്തെ മെഗാ സ്റ്റീൽ പ്ലാന്റാണിത്.മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന മെസാബി മെറ്റാലിക്സ്, പ്രമുഖ ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ എസ്സാർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ്. 2008-ൽ എസ്സാർ സ്റ്റീൽ മിനസോട്ട എന്ന പേരിൽ തുടങ്ങിയ ഈ പദ്ധതി, സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് 2016-ൽ പാപ്പരത്തത്തിലേക്ക് നീങ്ങിയിരുന്നു. പിന്നീട് പല കൈകൾ മറിഞ്ഞ് 2019-ലാണ് എസ്സാർ ഗ്രൂപ്പ് വീണ്ടും ഇതിന്റെ നിയന്ത്രണം ഏറ്റെടുത്തത്.

പദ്ധതിക്ക് നേരിട്ടുള്ള ഫെഡറൽ സാമ്പത്തിക സഹായം ലഭിക്കില്ലെങ്കിലും, ഇതിനാവശ്യമായ ഇരുമ്പയിര് നൽകുന്ന മിനസോട്ടയിലെ പ്ലാന്റിന് സർക്കാർ നിയന്ത്രണത്തിലുള്ള എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് 770 മില്യൺ ഡോളർ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുട്നിക് വ്യക്തമാക്കി. ഇതിനുപുറമേ കമ്പനിക്കായി അയോവ ഭരണകൂടം നികുതിയിളവുകൾ പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.

നവംബറിൽ നടക്കാനിരിക്കുന്ന നിർണായകമായ ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ വൻ പ്രഖ്യാപനം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അയോവയിൽ റിപ്പബ്ലിക്കൻ പാർട്ടി ശക്തമായ മത്സരമാണ് നേരിടുന്നത്. ഗവർണ്ണർ സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി സാക്ക് ലാനും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റോബ് സാൻഡും തമ്മിലും, സെനറ്റിലേക്ക് ആഷ്‌ലി ഹിൻസണും ജോഷ് ടുറെക്കും തമ്മിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.

ഈ സാഹചര്യത്തിൽ പുതിയ പ്ലാന്റ് വരുന്നത് തങ്ങൾക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കൻ പാർട്ടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി അയോവയിൽ വലിയൊരു റാലിയിൽ പങ്കെടുക്കുമെന്നും ട്രംപ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments