Tuesday, September 29, 2026
HomeNewsവാണിജ്യ യുപിഐ ഇടപാടുകൾക്ക് നിരക്ക്: വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം...

വാണിജ്യ യുപിഐ ഇടപാടുകൾക്ക് നിരക്ക്: വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ യുപിഐ (UPI) ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് നിരക്ക് ഈടാക്കാനുള്ള തീരുമാനത്തിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. എന്നാൽ, ഈ നീക്കം സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെടൽ കോടതി നിരസിച്ചു. സെപ്റ്റംബർ 14, 15 തീയതികളിൽ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനങ്ങളെ ചോദ്യംചെയ്ത് അഭിഭാഷകൻ അഞ്ജൻ ദത്ത സമർപ്പിച്ച റിട്ട് ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.

യുപിഐ വഴി ഈടാക്കുന്ന ചാർജുകൾ ഒക്ടോബർ 15 മുതൽ മാത്രമേ പ്രാബല്യത്തിൽ വരൂ എന്ന് കേന്ദ്ര സർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ. വെങ്കിട്ടരാമൻ കോടതിയെ അറിയിച്ചു. നിലവിൽ 96% ഇടപാടുകൾക്കും ഈ ചാർജ് ബാധകമാകില്ലെന്നും, അവശ്യ സേവനങ്ങൾക്കുള്ള നിരക്ക് പരമാവധി അഞ്ച് രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരു നികുതിയോ ഫീസോ അല്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ വിശദീകരിച്ചു.

കേന്ദ്ര സർക്കാർ ഈ ചാർജുകളിൽ നിന്ന് ഒരു രൂപപോലും നേടുന്നില്ലെന്നും, ഇത് പേയ്മെന്റ് ഇടനിലക്കാരും ബാങ്കുകളും തമ്മിലുള്ള ഒരു സെറ്റിൽമെന്റ് ഫീസ് മാത്രമാണെന്നും സർക്കാർ കേന്ദ്രങ്ങൾ കോടതിയെ ധരിപ്പിച്ചു. ഇലക്ട്രോണിക് ഇടപാടുകൾ നടത്തുമ്പോൾ ബാങ്കുകൾക്ക് വരുന്ന ചെലവുകൾ പരിഗണിച്ചാണ് നിർദേശമെന്നും, ഈ സംവിധാനം കാര്യക്ഷമമായി തുടരാൻ ചാർജുകൾ ആവശ്യമാണെന്നും അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ, ചുമത്തുന്ന ഈടാക്കലിന്റെ നിയമപരമായ അടിസ്ഥാനവും ബാധ്യതയും സംബന്ധിച്ച് വ്യക്തമായ വിശദീകരണം സത്യവാങ്മൂലമായി നൽകാൻ സുപ്രീം കോടതി നിർദേശിക്കുകയും കേന്ദ്ര സർക്കാരിനും ആർബിഐക്കും എൻപിസിഐക്കും നോട്ടീസ് അയക്കുകയും ചെയ്തു.വാണിജ്യ യുപിഐ ഇടപാടുകൾക്ക് നിരക്കുകൾ ഏർപ്പെടുത്തുന്നത് കള്ളപ്പണ ഇടപാടുകൾ വർദ്ധിക്കാൻ ഇടയാക്കുമെന്നും, ബിസിനസ്സ് സ്ഥാപനങ്ങൾ ഈ അധിക ചെലവ് ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ സാധ്യതയുണ്ടെന്നും ഹർജിക്കാരൻ വാദിച്ചു. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി നിർദേശം സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടെങ്കിലും, ഹർജി തള്ളാതെ തന്നെ ഇടക്കാല സ്റ്റേ നൽകാൻ ബെഞ്ച് വിസമ്മതിക്കുകയാണുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments