Monday, September 28, 2026
HomeEuropeബ്രിട്ടനിലെ റോയൽ എയർഫോഴ്സ് താവളത്തിന് സമീപം ഭീകരാക്രമണത്തിന് പദ്ധതി: അഞ്ചു പേർ അറസ്റ്റിൽ

ബ്രിട്ടനിലെ റോയൽ എയർഫോഴ്സ് താവളത്തിന് സമീപം ഭീകരാക്രമണത്തിന് പദ്ധതി: അഞ്ചു പേർ അറസ്റ്റിൽ

ലണ്ടൻ : അമേരിക്കൻ ബോംബർ വിമാനങ്ങൾ ഉപയോഗിക്കുന്ന ബ്രിട്ടനിലെ റോയൽ എയർഫോഴ്സ് (ആർ.എഫ്) താവളത്തിന് സമീപമുള്ള ഗ്രാമത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ബ്രിട്ടീഷ് ഭീകരവിരുദ്ധ പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഗ്ലോസെസ്റ്റർഷെയറിലുള്ള ആർ.എഫ് ഫെയർഫോർഡിന് സമീപത്തേക്ക് സംശയാസ്പദമായ സാഹചര്യത്തിൽ മൂന്ന് വാഹനങ്ങൾ നീങ്ങുന്നതായി ശനിയാഴ്ച അർദ്ധരാത്രി കഴിഞ്ഞ് 12:45-ഓടെ വിവരം ലഭിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് വ്യക്തമാക്കി. തുടർന്ന് സ്ഥലത്തെത്തിയ സായുധ പൊലീസ് സംഘം സ്ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി വെൽഫോർഡ് മേഖലയിൽ വെച്ച് അഞ്ച് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന കുറ്റം ചുമത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അഞ്ച് പേരും നിലവിൽ കസ്റ്റഡിയിലാണെന്നും കൗണ്ടർ ടെററിസം പൊലീസിന്റെ നാഷണൽ കോർഡിനേറ്റർ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ വിക്കി എവൻസ് പ്രസ്താവനയിൽ പറഞ്ഞു. സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് അടുത്തടുത്ത് പ്രവർത്തിച്ചുവരികയാണെന്നും അവർ കൂട്ടിച്ചേർത്തു.

മുൻകരുതലിന്റെ ഭാഗമായി സമീപത്തെ 85-ഓളം വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. വെൽഫോർഡ് മേഖലയിലെ ചില വാഹനങ്ങൾ പരിശോധിക്കുന്നതിനായി ബോംബ് സ്ക്വാഡ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇറാനുമായുള്ള യുദ്ധത്തിനിടയിൽ അമേരിക്കൻ സേന കർശനമായി പരിമിതപ്പെടുത്തിയ വ്യോമാക്രമണങ്ങൾക്കായി ഉപയോഗിക്കുന്ന പ്രധാന താവളങ്ങളിലൊന്നാണ് ആർ.എഫ് ഫെയർഫോർഡ്. ഫെബ്രുവരി 28-ന് ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ചതിന് ശേഷം, ഇറാനിയൻ മിസൈൽ കേന്ദ്രങ്ങൾ ആക്രമിക്കാൻ യു.എസ് സൈന്യത്തെ ബ്രിട്ടീഷ് സർക്കാർ ഫെയർഫോർഡ് താവളം ഉപയോഗിക്കാൻ അനുവദിച്ചിരുന്നു.

ചിക്കാഗോയിലേക്കുള്ള യാത്രാമധ്യേ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, അറസ്റ്റിലായവർ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ലക്ഷ്യമിട്ടിരുന്നതായി വ്യക്തമാക്കി. ബ്രിട്ടീഷ് പൊലീസുമായി സഹകരിച്ചാണ് യു.എസ് അധികാരികൾ ഈ നടപടി സ്വീകരിച്ചതെന്നും, ഏറെക്കാലമായി ഇവരെ നിരീക്ഷിച്ചു വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസിന് പ്രത്യേക പദ്ധതികളുണ്ടെന്നും, പ്രദേശത്ത് പൊലീസ് കാവൽ തുടരുമെന്നും ഗ്ലോസെസ്റ്റർഷെയർ പൊലീസ് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ റിച്ചാർഡ് ഒക്കോൺ വ്യക്തമാക്കി. സുരക്ഷ മുൻനിർത്തി വീടുകളിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന നാട്ടുകാരുടെ സഹകരണത്തിന് അദ്ദേഹം നന്ദി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments