മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ രാഷ്ട്രീയ ബലപരീക്ഷണത്തിന് അരങ്ങൊരുങ്ങുന്നു. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. ആലപ്പുഴയും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മറ്റന്നാൾ ഫലം പുറത്തുവരുമ്പോൾ മികച്ച വിജയം ഉറപ്പാക്കുക എന്നത് എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ നിർണായകമാണ്.
അധികാരത്തിലേറി മൂന്ന് മാസം പിന്നിടുമ്പോൾ ഭരണത്തിന്റെ ജനപ്രീതി തെളിയിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫിനും വിജയം അനിവാര്യമാണ്. പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ്. പ്രചാരണം നയിച്ചത്. മറുഭാഗത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം തെറ്റുതിരുത്തൽ നടപടികളുമായി ജനങ്ങളിലേക്ക് ഇറങ്ങുന്ന സി.പി.എമ്മിനും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫിനും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞാൽ അത് വലിയ ആശ്വാസമാകും. സർക്കാരിനെതിരെ ഉയർന്ന പവർകട്ട് ഉൾപ്പെടെയുള്ള പ്രതിസന്ധികളാണ് ഇടത് മുന്നണി പ്രധാനമായും പ്രചാരണ ആയുധമാക്കിയത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 38 വാർഡുകളിൽ 22 എണ്ണം യു.ഡി.എഫിന്റെയും 15 എണ്ണം എൽ.ഡി.എഫിന്റെയും സിറ്റിംഗ് സീറ്റുകളാണ്. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ ട്വന്റി 20 അംഗം രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എം.എൽ.എമാർ രാജിവെച്ച ഒഴിവിലുളള 8 വാർഡുകളിൽ 7 എണ്ണവും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. പലയിടങ്ങളിലും ബി.ജെ.പിയും നിർണായക സ്വാധീനം ഉറപ്പിക്കാനുള്ള കടുത്ത മത്സരത്തിലാണ്.

