Saturday, September 26, 2026
HomeAmericaഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസ വെടിനിർത്തൽ നിർദ്ദേശം: സ്വീകാര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസ വെടിനിർത്തൽ നിർദ്ദേശം: സ്വീകാര്യമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവെച്ച ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരെയുള്ള ബോംബാക്രമണം പുനരാരംഭിക്കുമെന്ന് ട്രംപ് തൻ്റെ സഹായികളോട് വ്യക്തമാക്കിയതായി വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധം പിൻവലിക്കുകയും എണ്ണ കയറ്റുമതിയിലുള്ള ഉപരോധം ലഘൂകരിക്കുകയും വേണമെന്നായിരുന്നു ഇറാൻ മുന്നോട്ടുവച്ച ആവശ്യം. ഒപ്പം ലെബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ വെടിനിർത്തൽ നടപ്പിലാക്കുകയും വേണം. ഇതിന് പകരമായി ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുക്കാനും വാഷിംഗ്ടണുമായി ആണവ പദ്ധതിയെക്കുറിച്ച് ചർച്ചകൾ പുനരാരംഭിക്കാനും തയ്യാറാണെന്നാണ് ഇറാൻ ഭരണകൂടം അറിയിച്ചത്.

തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായി അവസാനിപ്പിക്കാൻ തയ്യാറാകുന്ന കരാറിനാണ് ഇറാൻ ശ്രമിക്കുന്നതെന്നാണ് യുഎസ് പ്രസിഡൻ്റിൻ്റെ വിലയിരുത്തൽ. എന്നാൽ ഇറാനെ പൂർണമായി വിശ്വാസത്തിലെടുക്കാൻ ട്രംപ് ഒരുക്കമല്ല. ഇറാൻ ഉറപ്പുകൾ പാലിക്കുമോയെന്നാണ് ട്രംപിൻ്റെ സംശയം. അതിനാൽ തന്നെ ബോംബാക്രമണം പുനരാരംഭിക്കാനാണ് സാധ്യതയെന്ന് അദ്ദേഹം സഹായികളോട് വ്യക്തമാക്കി.

ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനും ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഏഴ് ദിവസത്തെ വെടിനിർത്തൽ നിർദേശം അമേരിക്കയ്ക്ക് മുന്നിൽ വെച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കിയിരുന്നു. ആവശ്യമായ നിബന്ധനകൾ പാലിക്കുകയാണെങ്കിൽ സാധാരണ ഗതിയിലുള്ള ഗതാഗതം ഏഴ് ദിവസത്തിനകം പുനഃസ്ഥാപിക്കാമെന്നും ഇനി തീരുമാനം അമേരിക്കയുടേതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് പ്രകാരം അമേരിക്ക ഇറാന്റെ മേലുള്ള നാവിക ഉപരോധം നീക്കുകയും എണ്ണ വിൽപ്പനയിലെ ഉപരോധങ്ങൾ ഒഴിവാക്കുകയും ലെബനൻ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വെടിനിർത്തൽ പാലിക്കുകയും വേണം. ഇതിന് തന്നെ നാലോ അഞ്ചോ ദിവസമെടുക്കും, ആറാം ദിവസം ഹോർമൂസ് കടലിടുക്ക് തുറക്കുമെന്നും, ഏഴാം ദിവസം ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ കരാറിനായുള്ള ചർച്ചകൾ ആരംഭിക്കാമെന്നുമായിരുന്നു ഇറാൻ്റെ നിർദേശം. ഈ സന്ദേശം മധ്യസ്ഥരായ ഖത്തർ വഴിയാണ് ഇറാൻ ട്രംപിന് കൈമാറിയത്. അമേരിക്കയുമായുള്ള തർക്കത്തിൽ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആയുധങ്ങളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ആഗോളതലത്തിൽ വ്യാപാരം ചെയ്യുന്ന എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഈ ജലപാതയിലൂടെയാണ്. ഇവിടെ ഗതാഗതം തടസ്സപ്പെട്ടത് ഊർജ്ജ വിപണികളെ ബാധിച്ചത് അമേരിക്കയെ സമ്മർദ്ദത്തിലാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments