വാഷിംഗ്ടൺ: സിഎൻഎൻ, എംഎസ് നൗ , പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമസ്ഥാപനങ്ങൾക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് ഫെഡറൽ കോടതി താൽക്കാലികമായി നീക്കി. മാധ്യമപ്രവർത്തകരുടെ പ്രസ് ക്രെഡൻഷ്യലുകൾ (പ്രവേശന കാർഡുകൾ) അടിയന്തരമായി പുനഃസ്ഥാപിക്കാൻ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി തിമോത്തി കെല്ലി ഉത്തരവിട്ടതിന് പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെ മാധ്യമപ്രവർത്തകർ വൈറ്റ് ഹൗസ് സമുച്ചയത്തിൽ വീണ്ടും പ്രവേശിച്ചു.
മുൻകൂട്ടി നോട്ടീസ് നൽകുകയോ സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകുകയോ ചെയ്യാതെയാണ് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തിയതെന്നും ഇത് മാധ്യമങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ദേശീയ സുരക്ഷാ കാരണങ്ങളാലാണ് വിലക്കെന്ന സർക്കാരിന്റെ വാദത്തെ തള്ളിയ ജഡ്ജി, വാർത്തകളുടെ നെഗറ്റീവ് സ്വഭാവവും വിമർശനങ്ങളുമാണ് പ്രസിഡന്റിനെ ചൊടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി. കോടതിയുടെ താൽക്കാലിക ഉത്തരവ് 14 ദിവസത്തേക്ക് നിലനിൽക്കും. കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് യു.എസ് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം.
പ്രസിഡന്റ് ട്രംപിന്റെ വിലക്ക് വൈറ്റ് ഹൗസ് ടെലിവിഷൻ പൂളിലെ സിഎൻഎൻ-ന്റെ പങ്കാളിത്തത്തെയും ഉടനടി ബാധിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിലേക്ക് പോയ ട്രംപിനൊപ്പം ഔദ്യോഗിക പ്രസ് പൂളിന്റെ ഭാഗമായി യാത്ര ചെയ്യേണ്ടിയിരുന്ന സിഎൻഎൻ പ്രതിനിധിയെ വിലക്കിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു.
ഇതേത്തുടർന്ന്, സിഎൻഎൻ-നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൂളിലെ മറ്റ് അംഗങ്ങളായ സിബിഎസ് ന്യൂസ് , എബിസി ന്യൂസ്, എൻബിസി ന്യൂസ് , ഫോക്സ് ന്യൂസ് എന്നീ നാല് പ്രമുഖ നെറ്റ്‌വർക്കുകളും ടെലിവിഷൻ പൂളിന്റെ പ്രവർത്തനം പൂർണ്ണമായി നിർത്തിവച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ വൈറ്റ് ഹൗസ് സന്ദർശനത്തിന്റെ പ്രധാന ചടങ്ങുകൾ പ്രമുഖ യുഎസ് ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്യാതിരുന്നതും ഈ പ്രതിഷേധത്തിന്റെ ഭാഗമായായിരുന്നു.
തനിക്കെതിരെ നിരന്തരം വ്യാജവാർത്തകൾ നൽകുന്നു എന്ന് ആരോപിച്ചാണ് ട്രംപ് മൂന്ന് മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയത്. കോടതി ഉത്തരവ് വന്നതിന് ശേഷവും ട്രംപ് മാധ്യമങ്ങൾക്കെതിരെയുള്ള വിമർശനം തുടർന്നു. അബ്രഹാം ലിങ്കൺ വധിക്കപ്പെട്ട ഫോർഡ് തിയേറ്ററിന് തന്റെ പേരിടാൻ താൻ ആഗ്രഹിക്കുന്നു എന്ന രീതിയിൽ സിഎൻഎന്നും എംഎസ് നൗവും പ്രചരിപ്പിച്ചത് ശുദ്ധമായ വ്യാജവാർത്തയാണെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
എന്നാൽ ഈ വിലക്ക് ഭരണഘടനാ വിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് മാധ്യമങ്ങളുടെ അഭിഭാഷകർ വാദിച്ചു. സിബിഎസ് ന്യൂസ് അടക്കമുള്ള ഡസൻ കണക്കിന് മറ്റ് മാധ്യമങ്ങളും വിലക്ക് നേരിട്ട മാധ്യമങ്ങൾക്ക് പിന്തുണയുമായി കോടതിയിൽ കക്ഷി ചേർന്നിരുന്നു.

