റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്ലിൽ ഒപ്പുവച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾക്കു മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റിന് അധികാരം നൽകുന്ന ബില്ലിലാണ് ട്രംപ് ഒപ്പുവച്ചത്. ഇറാനുമേൽ നിലവിലുള്ള അമേരിക്കയുടെ ഉപരോധം 2031 വരെ നീട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ബിൽ സെനറ്റിൽ 11 എതിരെ 86 വോട്ടുകൾക്കും ജനപ്രതിനിധി സഭയിൽ 159-ന് എതിരെ 262 വോട്ടുകൾക്കും പാസ്സായിരുന്നു. അതിനിടെ, മൂന്നു മാധ്യമസ്ഥാപനങ്ങളെ വൈറ്റ് ഹൗസ് റിപ്പോർട്ടിങ്ങിൽ നിന്നും വിലക്കിയതായി ട്രംപ് വ്യക്തമാക്കി. വ്യാജ വാർത്തകൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുവെന്നാരോപിച്ചാണ് സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങളെ വിലക്കിയത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ നൂറ് ശതമാനം അധിക തീരുവ ചുമത്താനുള്ള യുഎസ് നീക്കത്തിന് എതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. തീരുവ ഭീഷണിയെ മറികടക്കാൻ പുതിയ സാധ്യതകൾ തേടി കേന്ദ്രം. വിവിധ ലോകരാജ്യ സംഘടനകളുമായും രാജ്യങ്ങളുമായും ഇന്ത്യയുടെ ചർച്ച പുരോഗമിക്കുന്നു. യൂറോപ്യൻ യൂണിയനുമായി സഹകരിച്ചുകൊണ്ടുള്ള സൗജന്യ വ്യാപാര കരാറും വിവിധ രാജ്യങ്ങളുമായുള്ള വ്യവസായ, വാണിജ്യ സഹകരണത്തിലും കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അമേരിക്കൻ വിപണിയടഞ്ഞാൽ കയറ്റുമതി ഉത്പന്നങ്ങൾ മറ്റുള്ളവരുമായി പങ്കിടുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിലാണ് ചർച്ച പുരോഗമിക്കുന്നത്.
ഇന്ത്യക്ക് പ്രാധാന്യം ഊർജ സുരക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും. ഒന്നിലധികം സാധ്യതകൾ പ്രയോജനപ്പെടുത്തി അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനം കടുപ്പമായാൽ മറ്റ് വഴികളിലൂടെ കച്ചവടം തുടരും. തിരിച്ചടി നേരിട്ടാൽ ഇന്ധന വില വർദ്ധിപ്പിക്കാതെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് താത്കാലിക ഇളവുകൾ നൽകുന്നതും ആലോചനയിലാണ്. എന്നാൽ അന്തിമഘട്ടത്തിലെത്തിയ ഇന്ത്യ – അമേരിക്ക വ്യാപാരകരാറിനെ ട്രംപിന്റെ നിലപാട് ദുർബലപ്പെടുത്തുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

