വാഷിംഗ്ടൺ : നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മെയിൽ-ഇൻ ബാലറ്റുകൾക്ക് (തപാൽ വോട്ട്) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതിയിൽ കനത്ത തിരിച്ചടി. മെയിൽ വഴിയുള്ള വോട്ടിംഗ് വ്യാപകമായ തട്ടിപ്പുകൾക്ക് കാരണമാകുന്നുവെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. എന്നാൽ കഴിഞ്ഞ 2024-ലെ പൊതുതിരഞ്ഞെടുപ്പിലും 30 ശതമാനത്തോളം യുഎസ് വോട്ടർമാരും തപാൽ മാർഗ്ഗമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് വിതരണം പല സംസ്ഥാനങ്ങളിലും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.. തപാൽ ബാലറ്റുകൾക്കായി പുതിയ നിബന്ധനകൾ കൊണ്ടുവരുന്നതിൽ നിന്ന് യുഎസ് പോസ്റ്റൽ സർവീസിനെ (USPS) വിലക്കിയ ഫെഡറൽ കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു.
പൗരന്മാരുടെ ഔദ്യോഗിക പട്ടികയിലുള്ള വോട്ടർമാർക്ക് മാത്രം തപാൽ ബാലറ്റുകൾ എത്തിക്കാൻ നിർദ്ദേശിച്ച് മാർച്ച് മാസത്തിലാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രിയകൾ നിയന്ത്രിക്കാനുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് ചൂണ്ടിക്കാട്ടി വാഷിംഗ്ടൺ ഡിസി ഉൾപ്പെടെ 23 സംസ്ഥാനങ്ങൾ ഇതിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ജീവനക്കാർക്ക് പരിശീലനം നൽകാനാകില്ലെന്ന് പോസ്റ്റൽ യൂണിയനുകളും, വിദേശത്തുള്ള സൈനികരുടെ വോട്ടവകാശത്തെ ബാധിക്കുമെന്ന് ദേശീയ സുരക്ഷാ ഗ്രൂപ്പുകളും കോടതിയെ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത് വോട്ടർമാരെ വോട്ടവകാശത്തിൽ നിന്ന് വഞ്ചിക്കുന്നതിന് തുല്യമാണെന്ന് നിരീക്ഷിച്ചാണ് ബോസ്റ്റൺ ഫെഡറൽ ജഡ്ജി ഇന്ദിര തൽവാനി സെപ്റ്റംബർ 4-ന് ട്രംപിൻ്റെ ഉത്തരവിന് സ്റ്റേ ഏർപ്പെടുത്തിയത്. ഈ ഉത്തരവാണ് ഇപ്പോൾ സുപ്രീം കോടതി നിലനിർത്തിയിരിക്കുന്നത്.
അതേസമയം, നിയമപോരാട്ടം തുടരുന്നതിനാൽ വിഷയത്തിൽ ഇതൊരു അന്തിമ വിധിയല്ലെന്ന് കൺസർവേറ്റീവ് ജസ്റ്റിസ് ബ്രെറ്റ് കവനോ വ്യക്തമാക്കി. 2026-ലെ തിരഞ്ഞെടുപ്പിൽ ഈ നിയമം നടപ്പിലാക്കുന്നത് യുക്തിരഹിതമാണെങ്കിലും, പോസ്റ്റൽ സർവീസിൻ്റെ നിയമപരമായ അധികാരപരിധിയിൽ വരുന്നതാണ് ഈ ചട്ടമെന്ന് വരുംദിവസങ്ങളിൽ കോടതി വിലയിരുത്തിയേക്കാമെന്ന സൂചനയും അദ്ദേഹം നൽകി. കൺസർവേറ്റീവ് ജസ്റ്റിസുമാരായ സാമുവൽ അലിറ്റോയും ക്ലാരൻസ് തോമസും വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തി.
മെയിൽ വഴിയുള്ള വോട്ടിംഗ് വ്യാപകമായ തട്ടിപ്പുകൾക്ക് കാരണമാകുന്നുവെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. എന്നാൽ കഴിഞ്ഞ 2024-ലെ പൊതുതിരഞ്ഞെടുപ്പിലും 30 ശതമാനത്തോളം യുഎസ് വോട്ടർമാരും തപാൽ മാർഗ്ഗമാണ് വോട്ട് രേഖപ്പെടുത്തിയത്. ഇടക്കാല തിരഞ്ഞെടുപ്പിനുള്ള ബാലറ്റ് വിതരണം പല സംസ്ഥാനങ്ങളിലും ഇതിനകം ആരംഭിച്ചുകഴിഞ്ഞു.

