തിരുവനന്തപുരം: രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേരളം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടും. വൈദ്യുതി ബോർഡ് ഡയറക്ടർമാർ ഉടൻ മറ്റു സംസ്ഥാനങ്ങൾ സന്ദർശിച്ച് വൈദ്യുതി വാങ്ങാൻ ചർച്ച നടത്തും. ഉത്തരേന്ത്യയിലും ക്ഷാമമുണ്ടെങ്കിലും കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ സഹായമാണ് തേടുക. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം കടുത്ത ക്ഷാമമാണ്. പ്രതിസന്ധിയിൽ സഹായിക്കണമെന്ന ആവശ്യമാണ് കെ.എസ്.ഇ.ബി സംസ്ഥാനങ്ങൾക്ക് മുന്നിൽ വെക്കുക. ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിലാണ് സംഘം പോവുക. കൈമാറ്റ വ്യവസ്ഥയിൽ വൈദ്യുതി എത്തിക്കാനും ശ്രമിക്കും. മധ്യപ്രദേശിൽനിന്ന് കൈമാറ്റ വ്യവസ്ഥയിൽ 200 മെഗാവാട്ട് ലഭിച്ചെങ്കിലും ചില ദിവസങ്ങളിൽ മുടങ്ങി.
കൂടിയ വിലക്ക് താപവൈദ്യുതി വാങ്ങുന്നതിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി സംസ്ഥാന സർക്കാരിന് കത്ത് നൽകും. നിലവിൽ വൈദ്യുതി വാങ്ങാൻ യൂനിറ്റിന് 10 രൂപയിലധികം നൽകാൻ പാടില്ലെന്നാണ് റഗുലേറ്ററി കമീഷൻ നിർദേശം. രാത്രിവൈദ്യുതിക്ക് 13 രൂപയിലധികം നൽകണം. ഇക്കാര്യത്തിൽ സർക്കാർ ഇപെടലാണ് ആവശ്യം.
ഏത് വിധേയനയും കൂടുതൽ വൈദ്യുതി വാങ്ങി പ്രതിസന്ധി അതിജീവിക്കാനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചത്. വൈദ്യുതി മന്ത്രിയും മുഖ്യമന്ത്രിയും ഞായറാഴ്ചയും ആശയ വിനിയമം നടത്തി. പരിഹാരത്തിന് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നതായി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു.
അതിനിടെ റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചതോടെ സംസ്ഥാനത്ത് ഞായറാഴ്ച വൈദ്യുതി നിയന്ത്രണത്തിൽ താൽകാലിക ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളിലെ പോലെയുള്ള നിയന്ത്രണം ഒഴിവാക്കാനായെന്ന് വൈദ്യുതി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഞായറാഴ്ചയും 50 മിനിറ്റ് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് ഉപഭോക്താക്കൾക്ക് സന്ദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താൽകാലിക ആശ്വാസമായി 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായതായി അറിയിപ്പ് വരുന്നത്.

