ദുബായ്: സ്പിന്നാണ് ഇന്ത്യയുടെയും ശ്രീലങ്കയുടെയും കരുത്ത്. ദുബായിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ സ്പിന്നർമാരുടെ മികവിൽ അപരാജിതരായിട്ടാണ് ഇരുടീമുകളും വനിതാ ഏഷ്യകപ്പ് ട്വന്റി-20 ക്രിക്കറ്റിന്റെ ഫൈനലിൽ കടന്നത്. അതുകൊണ്ടുതന്നെ കിരീടപോരാട്ടം തുല്യശക്തികളുടേതാണ്. ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് ഫൈനൽ.
എട്ട് തവണ ഏഷ്യകപ്പ് നേടിയ ടീം ഇന്ത്യക്ക് കഴിഞ്ഞതവണ ഫൈനലിൽ ശ്രീലങ്കയിൽനിന്ന് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഇത്തവണ അതിന് മറുപടി നൽകുകയെന്ന ലക്ഷ്യംകൂടി ഹർമൻപ്രീത് കൗറിനും സംഘത്തിനുമുണ്ട്. ബാറ്റിങ്ങിൽ ഓപ്പണർമാരായ ഷെഫാലി വർമ, സ്മൃതി മന്ഥാന എന്നിവരുടെ ബാറ്റിങ് മികവിലാണ് ടീം പ്രതീക്ഷവെക്കുന്നത്. ഷെഫാലി 169 റൺസും മന്ഥാന 154 റൺസും നേടി ടൂർണമെന്റിലെ റൺവേട്ടയിൽ ആദ്യരണ്ട് സ്ഥാനങ്ങളിലുണ്ട്. മധ്യനിരബാറ്റർമാർ ഫോമിലേക്കുയരാത്തത് ഇന്ത്യക്ക് തലവേദനയാണ്. ഫൈനലിൽ കഥമാറുമെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. ബൗളിങ്ങിൽ 11 വിക്കറ്റുമായി ഓഫ് സ്പിന്നർ ദീപ്തി ശർമയാണ് ടീമിന്റെ കരുത്ത്. കൂട്ടിന് ശ്രീചരണിയും പ്രേമാ റാവത്തുമുണ്ട്. പാർട്ട്‌ടൈം സ്പിൻബൗളറായി ഷെഫാലി തിളങ്ങുന്നുണ്ട്. ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ ഫൈനലിൽ കടന്നത്.
ശ്രീലങ്കയ്ക്കും ബാറ്റിങ്ങിൽ ആശങ്കയുണ്ട്. ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു, ഹർഷിക സമരവിക്രമ, നീലാക്ഷി ഡാ സിൽവ എന്നിവരുടെ പ്രകടനം നിർണായകമാകും. ബൗളിങ്ങിലും ചമരി അട്ടപ്പട്ടുവാണ് ശ്രീലങ്കയ്ക്കായി ഏറെ തിളങ്ങിയത്. ഇൻഡൊനീഷ്യക്കെതിരേ ഏഴ് റൺസിന് അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. മൊത്തം 11 വിക്കറ്റുമായി ദീപ്തി ശർമയ്ക്കൊപ്പം വിക്കറ്റ് വേട്ടയിൽ ഒന്നാമതുണ്ട്. സെമിയിൽ പാകിസ്താനെ തോൽപ്പിച്ചാണ് മുന്നേറിയത്.
ദുബായിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുന്നതാണ്. ടൂർണമെന്റിൽ രണ്ടുതവണ മാത്രമാണ് ഇവിടെ 150 റൺസ് വന്നത്. രണ്ടുതവണയും ഇന്ത്യയാണ് സ്‌കോർ ചെയ്തത്. 14 കളിയിൽ ഒൻപതിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്.

