ന്യൂഡൽഹി : ബ്രിക്സ് ഉച്ചകോടിക്കിടെ ഇന്ത്യ-റഷ്യ-ചൈന നേതാക്കൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം വിളിച്ചോതുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൈകോർത്തുനിൽക്കുന്ന ചിത്രം ശ്രദ്ധേയമായി. ഈ മൂന്ന് നേതാക്കളും സമാനമായ രീതിയിൽ സൗഹൃദം പങ്കുവെച്ചത് ഇതാദ്യമല്ല. ഈ മാസം ആദ്യം ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിലും മോദിയും പുടിനും ഷി ജിൻപിങ്ങും ഒരുമിച്ച് സൗഹൃദം പങ്കിടുന്ന ദൃശ്യം ശ്രദ്ധ നേടിയിരുന്നു.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിനിടെയാണ് നേതാക്കളുടെ ഈ ഐക്യപ്രകടനം. ഏഴ് വർഷത്തിന് ശേഷമാണ് ഷി ജിൻപിങ് ഇന്ത്യയിലെത്തിയത്. 2019ൽ പ്രധാനമന്ത്രി മോദിയുമായി അനൗപചാരിക ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു അദ്ദേഹത്തിന്റെ അവസാന ഇന്ത്യാ സന്ദർശനം. 2020ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് ഏതാനും മാസങ്ങൾക്കുമുമ്പായിരുന്നു ഇത്.
1962ലെ യുദ്ധത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയത് 2020ലെ സംഘർഷത്തോടെയായിരുന്നു.എന്നാൽ പിന്നീട് ഇന്ത്യ-ചൈന ബന്ധത്തിൽ ചില പുരോഗതിയുണ്ടായി. 2024 ഒക്ടോബറിൽ കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ (LAC) സംഘർഷമുണ്ടായിരുന്ന എല്ലാ മേഖലകളിൽനിന്നും സൈനികരെ പിന്മാറ്റുന്നതിനുള്ള ധാരണ ഇരു രാജ്യങ്ങളും കൈവരിച്ചു. റഷ്യൻ പ്രസിഡന്റ് പുടിൻ 2025 ഡിസംബറിൽ 23-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാനായി ഇന്ത്യ സന്ദർശിച്ചിരുന്നു.
സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലാണ് രണ്ടുദിവസത്തെ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലി എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ബ്രിക്സ് രാജ്യങ്ങൾ സംയുക്ത പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഉച്ചകോടിയുടെ ആദ്യദിനമായ ശനിയാഴ്ചയാണ് പ്രഖ്യാപനം അംഗീകരിച്ചത്. “ഒരു അംഗവും എതിർപ്പ് ഉന്നയിച്ചിട്ടില്ല. 2026ലെ ന്യൂഡൽഹി പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചു,” മോദി പറഞ്ഞു. അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ “ഏകപക്ഷീയമായ നിർബന്ധിത നടപടികൾ” സ്വീകരിക്കുന്നതിനെ ബ്രിക്സ് രാജ്യങ്ങൾ സംയുക്ത പ്രഖ്യാപനത്തിലൂടെ അപലപിച്ചു. ആണവ ഭീഷണിയും സംഘർഷസാധ്യതയും വർധിക്കുന്നതിലും രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തി.
സായുധ സംഘർഷങ്ങൾക്കിടയിലും ആണവ സുരക്ഷാ മാനദണ്ഡങ്ങളും സുരക്ഷയും കർശനമായി പാലിക്കണമെന്ന് പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ആഗോള വ്യാപാരം, വിതരണ ശൃംഖല, ഊർജപ്രവാഹം എന്നിവ സുഗമമായി തുടരാൻ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും ബ്രിക്സ് പ്രഖ്യാപനം ആവശ്യപ്പെട്ടു. വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന ഏകപക്ഷീയമായ താരിഫ്, താരിഫ് ഇതര നടപടികൾ വർധിക്കുന്നതിലും ലോക വ്യാപാര സംഘടനയുടെ (WTO) ചട്ടങ്ങൾക്ക് വിരുദ്ധമായ ഇത്തരം നടപടികളിലും രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.
പ്രധാന ആഗോള വിഷയങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യത്യസ്ത കാഴ്ചപ്പാടുകളും നിലപാടുകളും മാനിക്കുന്ന ബഹുമുഖ സമീപനത്തിനും ബ്രിക്സ് രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. ബഹുമുഖതയും ബഹുകേന്ദ്രതയും ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിയമം ഉയർത്തിപ്പിടിക്കുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുന്നതായി സംയുക്ത പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ ലക്ഷ്യങ്ങളും തത്വങ്ങളും പൂർണമായി പാലിക്കുമെന്നും രാജ്യങ്ങൾ വ്യക്തമാക്കി.

