വാഷിങ്ടണ്‍: യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഭരണം നിലനിര്‍ത്തിയാല്‍ പ്രായപൂര്‍ത്തിയായ എല്ലാ അമേരിക്കന്‍ പൗരന്മാർക്കും 5,000 ഡോളര്‍ വീതം നല്‍കുമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടെക്‌സസിലെ ഡാലസില്‍ ബുധനാഴ്ച നടന്ന റിപ്പബ്ലിക്കന്‍ മിഡ്ടേം കണ്‍വെന്‍ഷനില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
ഈ തുകയെ ട്രംപ് ഡിവിഡന്റ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍ ഈ തുക എവിടെ നിന്ന് കണ്ടെത്തുമെന്നതടക്കമുള്ള വിശദീകരണങ്ങള്‍ ട്രംപ് നല്‍കിയിട്ടില്ല. നമ്മുടെ രാജ്യം വലിയ രീതിയില്‍ പണം സമ്പാദിക്കുന്നുണ്ട് എന്ന് മാത്രമാണ് അദ്ദേഹം ഇതിന് മറുപടിയായി പറഞ്ഞത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ താന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് കരുതി എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അണികളോട് അഭ്യര്‍ത്ഥിച്ചു.
വിലക്കയറ്റവും ഇറാനുമായുള്ള യുദ്ധവും കാരണം ട്രംപിന്റെ ജനപ്രീതി കുറഞ്ഞുവരുന്ന റിപ്പോർട്ടുകൾക്കിടെയാണ് വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഇത്തരമൊരു നീക്കവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഈ പ്രസ്താവനയില്‍ ചില തിരുത്തലുകള്‍ വരുത്തിയിരുന്നു. ഈ തുക രാജ്യത്തെ സമ്പന്നര്‍ക്ക് നല്‍കില്ലെന്നും വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന താരിഫ് വരുമാനത്തില്‍ നിന്നായിരിക്കും ഇതിനുള്ള പണം കണ്ടെത്തുകയെന്നും അദ്ദേഹം സൂചിപ്പിച്ചു.
യുഎസില്‍ നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ ഇറാനുമായുള്ള യുദ്ധം അവസാനിക്കും എന്നും ട്രംപ് പറഞ്ഞിരുന്നു. റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി ഡാലസിലേക്ക് പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകരോടായിരുന്നു ട്രംപിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുഎസിന്റെ സാമ്പത്തിക ഉപരോധത്തിന് മുന്നില്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷം എണ്ണവില കുറയുമെന്നും ട്രംപ് പറഞ്ഞിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെങ്കിലും അതിനല്ല യുഎസ് മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

