ന്യൂയോർക്ക് : അമേരിക്കയുടെ 250-ാം വാർഷികത്തിന് ആദരമർപ്പിച്ച് ന്യൂജേഴ്‌സിയിൽ ഇന്ത്യൻ സമൂഹം തീർത്തത് വിസ്മയകരമായ ഗിന്നസ് ലോക റെക്കോർഡ്. ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, 1,300-ലധികം യു.എസ് പതാകകൾക്ക് ചുറ്റും ഇന്ത്യൻ ത്രിവർണ്ണ പതാകകൾ അണിനിരത്തി ‘250’ എന്ന സംഖ്യ രൂപീകരിച്ചാണ് ഇന്ത്യൻ സമൂഹം ചരിത്രം കുറിച്ചത്. ‘ഏറ്റവും വലിയ ഫ്ലാഗ്‌പോൾ നമ്പർ’ എന്ന വിഭാഗത്തിലാണ് ഈ നേട്ടം.
ന്യൂജേഴ്‌സിയിലെ പാർസിപ്പാനിയിലുള്ള വെറ്ററൻസ് മെമ്മോറിയൽ പാർക്കിൽ ശനിയാഴ്ചയായിരുന്നു റെക്കോർഡ് പ്രകടനം നടന്നത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസും (എഫ്.ഐ.എ) സംയുക്തമായി സംഘടിപ്പിച്ച പരിപാടിക്ക് ഇന്ത്യൻ ഐ.ടി കമ്പനിയായ ‘സോഹോ’ പിന്തുണ നൽകി. ഇന്ത്യ-യു.എസ് സൗഹൃദത്തിൻ്റെ പ്രതീകമായാണ് ഈ സംയുക്ത ആഘോഷം സംഘടിപ്പിച്ചത്.ന്യൂയോർക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന ട്രൈ-സ്റ്റേറ്റ് മേഖലയിലെ വൻ ജനപങ്കാളിത്തത്തോടെയായിരുന്നു പരിപാടി. ചടങ്ങിൽ ന്യൂജേഴ്‌സി ലെഫ്റ്റനൻ്റ് ഗവർണർ ഡെയ്ൽ കാൾഡ്‌വെൽ, യു.എസ് കോൺഗ്രസ് അംഗം അനലീലിയ മെജിയ, ഇന്ത്യൻ കോൺസൽ ജനറൽ ബിനായ ശ്രീകാന്ത പ്രധാൻ, പാർസിപ്പാനി മേയർ പുൽകിത് ദേശായി എന്നിവർ സംസാരിച്ചു. അമേരിക്കയുടെ വാണിജ്യം, സാങ്കേതികവിദ്യ, ആരോഗ്യരംഗം, കല തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകൾ ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂയോർക്കിലെ പ്രശസ്തമായ ടൈംസ് സ്ക്വയറിൽ എഫ്.ഐ.എയുടെ നേതൃത്വത്തിൽ ത്രിവർണ്ണ പതാക ഉയർത്തുകയും വിപുലമായ സാംസ്കാരിക പരിപാടികൾ അരങ്ങേറുകയും ചെയ്തു. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പെർമനൻ്റ് മിഷനിലും പതാക ഉയർത്തൽ ചടങ്ങുകൾ നടന്നു. നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിലെ ഗവർണർമാർ ഓഗസ്റ്റ് 15 ‘ഇന്ത്യ ദിനമായി’ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ന്യൂയോർക്കിലെ തന്ത്രപ്രധാനമായ എംപയർ സ്റ്റേറ്റ് ബിൽഡിംഗ്, ബോസ്റ്റണിലെ പ്രുഡൻഷ്യൽ സെന്റർ എന്നിവ ഇന്ത്യൻ പതാകയുടെ വർണ്ണങ്ങളാൽ പ്രകാശപൂരിതമായി.
ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് മാൻഹട്ടനിലെ മാഡിസൺ അവന്യൂവിൽ ഞായറാഴ്ച (ഇന്ന്) 44-ാമത് ഇന്ത്യ ഡേ പരേഡ് നടക്കും. ആയിരക്കണക്കിന് ഇന്ത്യക്കാർ അണിനിരക്കുന്ന പരേഡിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങൾ ഉണ്ടാകും. പ്രശസ്ത ടെലിവിഷൻ പരമ്പരയായ ‘താരക് മേത്ത കാ ഊൽട്ടാ ചഷ്മ’യിലെ താരങ്ങളാണ് ഇത്തവണത്തെ പരേഡിൽ മുഖ്യാതിഥികളായും ഗ്രാൻഡ് മാർഷൽമാരായും പങ്കെടുക്കുന്നത്.

