Thursday, August 13, 2026
HomeAmericaയുഎസ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് സൈനികർ മരണമടഞ്ഞു

യുഎസ് ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് സൈനികർ മരണമടഞ്ഞു

വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്സാസിലുള്ള സലാഡോയിൽ യുഎസ് ആർമിയുടെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണ് രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഫോർട്ട് ഹൂഡ് സൈനിക താവളത്തിൽ നിന്നുള്ള എഎച്ച്-64 അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററാണ് ബുധനാഴ്ച അപകടത്തിൽപ്പെട്ടതെന്ന് സൈന്യവും പ്രാദേശിക ഭരണകൂടവും സ്ഥിരീകരിച്ചു.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ബെൽ കൗണ്ടി ഷെരീഫ് ഓഫീസിന്റെ വക്താവ് ബിൽ കോൾമാൻ അറിയിച്ചു. ജനവാസ മേഖലയ്ക്ക് മുകളിലല്ല ഹെലികോപ്റ്റർ തകർന്നുവീണത്. തുറസായ ഒരു പാടത്തേക്ക് പതിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. സമീപത്തെ വീടുകൾക്കോ മറ്റ് കെട്ടിടങ്ങൾക്കോ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. ഹെലികോപ്റ്റർ പൂർണ്ണമായും തകരുന്ന രീതിയിലുള്ള അതിശക്തമായ വീഴ്ചയായിരുന്നു ഇതെന്ന് അധികൃതർ വ്യക്തമാക്കി.

അപകടസ്ഥലം സുരക്ഷിതമാക്കുന്നതിനും ആദ്യഘട്ട രക്ഷാപ്രവർത്തനങ്ങൾക്കുമാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് ആക്ടിങ് കമാൻഡിങ് ജനറൽ ബ്രിഗേഡിയർ ജനറൽ ഈഥൻ ഡൈവൻ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മരിച്ച സൈനികരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൈനികരുടെ കുടുംബങ്ങളെ ഔദ്യോഗികമായി വിവരമറിയിച്ച് 24 മണിക്കൂറിന് ശേഷമേ പേരുകൾ മാധ്യമങ്ങൾക്ക് കൈമാറുകയുള്ളൂ എന്ന് സൈനിക വക്താക്കൾ അറിയിച്ചു.ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിൽ കാട്ടുതീ പടർന്നുപിടിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ടെക്സാസിലെ ഓസ്റ്റിനിൽ നിന്നും 70 മൈൽ അകലെയുള്ള കില്ലീന് സമീപമാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ പുറപ്പെട്ട ഫോർട്ട് ഹൂഡ് സൈനിക താവളം സ്ഥിതി ചെയ്യുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments