തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ അടിയന്തര യോഗം ചേർന്നതായും പ്രളയക്കെടുതി നേരിടാൻ പത്തനംതിട്ടയിൽ പ്രത്യേക സന്നാഹമൊരുക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. സ്ഥിതി നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണ സെക്രട്ടറി യോഗം ചേർന്ന് മുൻകരുതൽ എടുത്തിരുന്നു. ഐഎംഡിയുടെ അതിതീവ്ര മഴ മുന്നറിയിപ്പ് വന്നത് രാത്രിയാണ്. പരിശോധിക്കാൻ മറ്റ് സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഴക്കെടുതിയിൽ ഇതുവരെ 15 പേർ മരിച്ചതായും 7 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് 316 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 165 ഹെക്ടറിൽ കൃഷിനാശമുണ്ടായി. ഡാമുകളിൽ നിന്ന് വെള്ളമൊഴുക്കുന്നുവെന്നത് വ്യാജപ്രചാരണമാണെന്നും വ്യാജ പ്രചാരണത്തിൽ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാൽ കര്‍ശന നടപടി വരും. ഒരു ഡാമിലും വെള്ളം അധികമില്ലെന്നും തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. നിലവിൽ മൂഴിയാറിൽ മാത്രമാണ് പ്രശ്നമുള്ളത്. 350 മില്ലീമീറ്റര്‍ വരെ മഴ പെയ്തതാണ് പ്രശ്നം. പ്രളയക്കെടുതിയിൽ മരിച്ചവരുടെ സംസ്കാര ചടങ്ങിന് 10000 രൂപ നൽകും. വീടുകളിൽ വെള്ളം കയറിയവര്‍ക്കും 10000 രൂപ നൽകും. വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും വീട് നഷ്ടമായവര്‍ക്ക് 8 ലക്ഷം രൂപയും നൽകും.
ഭക്ഷണം കഴിക്കുന്നത് തെറ്റാണോ എന്നായിരുന്നു വിരുന്നിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം. 2018ലും 19ലും അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചില്ലേയെന്നും വി ഡി സതീശൻ ചോദിച്ചു. 3 മണിക്കാണ് ഭക്ഷണം കഴിക്കാൻ പോയത്. ഹെലികോപ്റ്റര്‍ യാത്രയിലും മുഖ്യമന്ത്രി വിശദീകരണം നൽകി. ഔദ്യോഗിക യാത്രക്കാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു രൂപ പോലും സര്‍ക്കാരിന് യാത്ര കൊണ്ട് നഷ്ടമായിട്ടില്ല. താൻ പാര്‍ട്ടി സമ്മേളനത്തിനല്ല ഹെലികോപ്റ്ററിൽ പോയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഴക്കെടുതി അവലോകനയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

