Saturday, July 18, 2026
HomeNewsറെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്: രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

റെയിൽവേയിൽ ‘ഹൈഡ്രജൻ’ കുതിപ്പ്: രാജ്യത്തെ ആദ്യ ട്രെയിൻ ജിന്ദിൽ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ദില്ലി : പരിസ്ഥിതി സൗഹൃദ യാത്രാ രംഗത്ത് ചരിത്രപരമായ കുതിച്ചുചാട്ടവുമായി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യത്തെ അത്യാധുനിക ഹൈഡ്രജൻ ഇന്ധന തീവണ്ടി ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ഈ ആദ്യ ഹൈഡ്രജൻ തീവണ്ടി ജിന്ദിനും സോനിപത്തിനും ഇടയിലുള്ള 89 കിലോമീറ്റർ ദൂരത്തിലാണ് സർവീസ് നടത്തുക. ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തതിന് പുറമെ ജിന്ദിൽ 14,700 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിച്ചു. കാർബൺ ഉദ്‌വമനം പൂർണ്ണമായും ഒഴിവാക്കി പരിസ്ഥിതിക്ക് ഒട്ടും ദോഷമില്ലാത്ത രീതിയിൽ യാത്ര സാധ്യമാക്കുന്നു എന്നതാണ് ഈ അത്യാധുനിക തീവണ്ടികളുടെ ഏറ്റവും വലിയ പ്രത്യേകത

ഹൈഡ്രജനും ഓക്‌സിജനും തമ്മിൽ രാസപരമായി സംയോജിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ‘ഹൈഡ്രജൻ ഫ്യൂവൽ സെൽ’ സാങ്കേതികവിദ്യയാണ് ഈ തീവണ്ടിയുടെ പ്രവർത്തനത്തിനായി ഉപയോഗപ്പെടുത്തുന്നത്. 2600 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാൻ ശേഷിയുള്ളതാണ് ഈ ട്രെയിൻ. സർവീസിന്റെ സുഗമമായ നടത്തിപ്പിനായി ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉത്പാദന, റീഫ്യൂവലിങ് പ്ലാന്റും അധികൃതർ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ ഉയർന്ന സമ്മർദ്ദത്തിൽ കംപ്രസ്‌ ചെയ്ത ഹൈഡ്രജൻ വാതകം സുരക്ഷിതമായി സംഭരിക്കാനും ട്രെയിനുകളിലേക്ക് വിതരണം ചെയ്യാനുമുള്ള വിപുലമായ സംവിധാനങ്ങളുണ്ട്. 3200 എച്ച്.പി. പ്രൊപ്പൽഷൻ സിസ്റ്റം കരുത്തുള്ള എൻജിനാണ് ഈ വണ്ടിയിൽ ഘടിപ്പിച്ചിരിക്കുന്നത്. നിലവിൽ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുകയെങ്കിലും, ഭാവിയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വരെ പരമാവധി വേഗത കൈവരിക്കാൻ ഈ സംവിധാനത്തിന് ശേഷിയുണ്ട്.

വാണിജ്യ അടിസ്ഥാനത്തിൽ ലോകത്ത് ആദ്യമായി ഹൈഡ്രജൻ യാത്രാവണ്ടികൾ അവതരിപ്പിച്ച രാജ്യം ജർമനിയാണ്. ഇതിന് പിന്നാലെ ഫ്രാൻസ്, ജപ്പാൻ, ചൈന, യു.എസ്. എന്നീ രാജ്യങ്ങളും ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കി. ഈ നേട്ടം കൈവരിക്കുന്നതോടെ ലോകത്ത് ഹൈഡ്രജൻ തീവണ്ടി ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ മാറും. വിദേശ രാജ്യങ്ങളിൽ സാധാരണയായി രണ്ട് മുതൽ നാല് വരെ കോച്ചുകളുള്ള ചെറിയ ട്രെയിനുകളാണ് ഹൈഡ്രജൻ സാങ്കേതികവിദ്യയിൽ ഓടിക്കുന്നത് എന്നതിനാൽ, വലിയ യാത്രാശേഷിയോടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഈ പദ്ധതി റെയിൽവേ രംഗത്ത് ആഗോളതലത്തിൽ തന്നെ വലിയ ശ്രദ്ധ നേടുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments