Saturday, July 18, 2026
HomeAmericaസ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി ഇനി 4 വർഷം; നിയന്ത്രണങ്ങൾ ശക്തമാക്കി ട്രംപ് ഭരണകൂടം

സ്റ്റുഡന്‍റ് -എക്സ്ചേഞ്ച് വിസകളുടെ കാലാവധി ഇനി 4 വർഷം; നിയന്ത്രണങ്ങൾ ശക്തമാക്കി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: അമേരിക്കയില്‍ വിസ നിയന്ത്രണം കർശനമാക്കി ട്രംപ് ഭരണകൂടം. സ്റ്റുഡന്‍റ് വിസയുടേയും എക്സ്ചേഞ്ച് വിസയുടെയും കാലാവധി പരമാവധി നാല് വർഷമാക്കി ചുരുക്കി. മലയാളികള്‍ ഉള്‍പ്പെടെയുളളവരെ ട്രംപ് സര്‍ക്കാരിന്‍റെ തീരുമാനം പ്രതികൂലമാകും. നാല് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ഉള്ള കോഴ്സുകള്‍ക്ക് എക്സ്റ്റൻഷൻ നല്‍കേണ്ടി വരും. പുതിയ നിയമപ്രകാരം ഫെഡറൽ ഗവൺമെന്റിന്റെ പ്രത്യേക അനുമതിയില്ലാതെ വിദേശ വിദ്യാർത്ഥികൾക്ക് നാല് വർഷത്തിലധികം യുഎസിൽ തുടരാനാകില്ല. ഇതിനായുള്ള അന്തിമ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. ഇതുകൂടാതെ, വിദ്യാർത്ഥികൾക്ക് കോഴ്സുകൾ മാറുന്നതിനും മറ്റ് സർവ്വകലാശാലകളിലേക്കോ കോളേജുകളിലേക്കോ ട്രാൻസ്ഫർ വാങ്ങുന്നതിനും പുതിയ നിയമത്തിൽ നിയന്ത്രണങ്ങളുണ്ട്

ഇതുവരെ വിസ കാലാവധി നീട്ടിനൽകാനുള്ള അധികാരം അതത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരുന്നു. എന്നാൽ പുതിയ പരിഷ്കരണത്തോടെ ഈ അധികാരം സർക്കാരിലേക്ക് ചുരുങ്ങും. വരുന്ന സെപ്റ്റംബർ മുതൽ പുതിയ നയം പ്രാബല്യത്തിൽ വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുൻപ് F-1, J-1 വിസകളിലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കോഴ്സ് പൂർത്തിയാകുന്നത് വരെ യുഎസിൽ തുടരാമായിരുന്നു. ഇനി മുതൽ ഇതിന് കൃത്യമായ സമയപരിധിയുണ്ടാകും. പഠനം പൂർത്തിയാക്കിയ ശേഷം രാജ്യം വിടുന്നതിനോ അല്ലെങ്കിൽ മറ്റൊരു വിസ കാറ്റഗറിയിലേക്ക് മാറുന്നതിനോ മുൻപ് 60 ദിവസത്തെ സമയം ലഭിച്ചിരുന്നു. ഗ്രേസ് പിരീഡ് 30 ദിവസമായി ചുരുക്കി.

ഗവേഷണ വിദ്യാർത്ഥികളെയും പുതിയ നിയന്ത്രണം ബാധിക്കും. യുഎസിലെ ഭൂരിഭാഗം ബിരുദ കോഴ്സുകളും നാല് വർഷം കൊണ്ട് അവസാനിക്കുമെങ്കിലും, ഡോക്ടറേറ്റ് ഉൾപ്പെടെയുള്ള ഉപരിപഠന കോഴ്സുകൾക്ക് സാധാരണയായി കൂടുതൽ സമയമെടുക്കാറുണ്ട്. സയൻസ്, ടെക്നോളജി മേഖലകളിൽ ഗവേഷണം നടത്തുന്ന ഭൂരിഭാഗം രാജ്യാന്തര വിദ്യാർത്ഥികളെയും ഫണ്ടിംഗ് കുറവ്, ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കാനുള്ള താമസം തുടങ്ങിയ ഘടകങ്ങൾ ബാധിക്കാറുണ്ട്. പുതിയ നിയമം ഇവരുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്.

രാജ്യത്തെ പ്രമുഖ കോളേജുകളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്താനും, യുഎസ് വിദേശനയങ്ങളെ വിമർശിക്കുന്ന വിദ്യാർത്ഥികളുടെ വിസ റദ്ദാക്കാനുമുള്ള നീക്കങ്ങൾ ഇതിനോടകം തന്നെ ട്രംപ് ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് വിസ നിയമങ്ങൾ കടുപ്പമാക്കാനുള്ള പുതിയ തീരുമാനം. വ്യാപകമായ വിസ ദുരുപയോഗം തടയുന്നതിനും, കൃത്യമായ പരിശോധനകളിലൂടെ ദേശീയ സുരക്ഷ ശക്തമാക്കുന്നതിനുമാണ് ഈ നടപടിയെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. “പതിറ്റാണ്ടുകളായി വിദേശ വിദ്യാർത്ഥികൾക്ക് അനിശ്ചിതകാലത്തേക്ക് യുഎസിൽ തുടരാൻ അനുമതിയുണ്ടായിരുന്നു. രാജ്യം വിട്ടുപോകാതിരിക്കാൻ വേണ്ടി മാത്രം നിരന്തരം കോഴ്സുകളിൽ ചേർന്നുകൊണ്ട് ആയിരക്കണക്കിന് ആളുകൾ നമ്മുടെ ഇമിഗ്രേഷൻ സംവിധാനം ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നിയമം സഹായിക്കും”- ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments