Friday, July 17, 2026
HomeNewsവന്ദേമാതരം: അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവ് ലഭിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

വന്ദേമാതരം: അനാദരവ് കാട്ടിയാൽ മൂന്ന് വർഷം തടവ് ലഭിക്കാനുള്ള ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ദില്ലി : വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ക്രൈസ്തവ സംഘടനകളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയ എഫ് സി ആര്‍ എ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിക്കും. ഭരണഘടന ഭേദഗതി ബില്‍ പാസാക്കാനുള്ള മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലോക് സഭയിലുറപ്പാക്കാനുള്ള തീവ്ര നീക്കത്തിലാണ് ബിജെപി.

പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ അമെന്‍റ്മെന്‍റ് ബില്ല് 2026 എന്ന പേരിലാകും വന്ദേ മാതരത്തെ അപമാനിച്ചാല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിക്കും. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതാകും ബില്ല്. ദേശീയ ഗാനത്തെ അപമാനിച്ചാലുള്ള ശിക്ഷ എന്താണോ അതിന് സമാനം. നിലവില്‍ ശിക്ഷയൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം ക്ലിയറന്‍സ് നല്‍കിയതോടെയാണ് ബില്ല് പാര്‍ലമെന്‍റിലേക്ക് എത്തുന്നത്.

വലിയ പ്രതിഷേധത്തിനിടയാക്കിയ എഫ് സി ആര്‍ എ ഭേദഗതി ബില്ല് എത്തുന്നതോടെ പാര്‍ലമെന്‍റ് പ്രക്ഷുബ്ധമാകുമെന്ന് ഉറപ്പാണ്. ഹാനികരമായി ഒന്നും സംഭവിക്കില്ലെന്ന് സിബിസിഐ നേതൃത്വത്തിന് അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നു. പുതിയ നീക്കത്തില്‍ സിബിസിഐ നേതൃത്വം പ്രതിഷേധം അറിയിച്ചേക്കും. ഇതൊടൊപ്പം ഇന്‍കം ടാക്സ് ഭേദഗതി ബില്‍, സുപ്രീംകോടതിയിലെ ജ‍ഡ്ജിമാരുടെ എണ്ണം 34ല്‍ നിന്ന് 38 ആയി ഉയര്‍ത്തിയ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, ജനനമരണ രജിസ്ട്രഷന്‍ ഭേദഗതി ബില്ല്, ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്ല് എന്നിവയും അവതരിപ്പിക്കും.

അതേസമയം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ല്, മുപ്പത് ദിവസം ജയിലില്‍ കിടന്നാല്‍ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവരെ അയോഗ്യരാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന 130ാം ഭരണഘടന ഭേദഗതി ബില്ല‍് എന്നിവ സമ്മേളന അജണ്ടയില്‍ തല്‍ക്കാലം ഇല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments