ദുബായ് : തങ്ങളുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയാല്‍ ചെങ്കടല്‍ വഴിയുള്ള എണ്ണക്കടത്ത് പാത പൂർണ്ണമായും അടച്ചുപൂട്ടാൻ യെമനിലെ ഹൂതി വിമതർക്ക് ഇറാൻ നിർദ്ദേശം നല്‍കിയതായി റിപ്പോർട്ട്. ആഗോള ഊർജ്ജ വിതരണ ശൃംഖലയെ നിശ്ചലമാക്കാൻ പോന്ന അതീവ ഗുരുതരമായ പുതിയ സുരക്ഷാ ഭീഷണിയാണ് ഇതോടെ ഉയർന്നിരിക്കുന്നത്. ഇറാന്റെ ഔദ്യോഗിക നേതൃത്വത്തില്‍ രൂപപ്പെട്ട ഈ തന്ത്രപ്രധാന തീരുമാനം സഖ്യകക്ഷിയായ ഹൂതികള്‍ക്ക് കൈമാറിയതായി മൂന്ന് വിശ്വസനീയ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും വിഷയം നന്നായി അറിയാവുന്ന ഒരു പ്രാദേശിക സ്രോതസ്സുമാണ് പേര് വെളിപ്പെടുത്താത്ത വ്യവസ്ഥയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതാദ്യമായാണ് ഈ വിവരം പുറത്തുവരുന്നത്. എന്നാല്‍, ഇറാന്റെ ഊർജ്ജ ശൃംഖല ആക്രമിക്കുമെന്ന് കഴിഞ്ഞ ചൊവ്വാഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണോ ഈ സന്ദേശം കൈമാറിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയത്തില്‍ ഇറാന്റെ വിദേശകാര്യ മന്ത്രാലയവും ഹൂതി വക്താവും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മിസൈലുകളും ഡ്രോണുകളുമായി ഹൂതികള്‍ സജ്ജം
ആക്രമണം ആരംഭിക്കാനുള്ള അന്തിമ ഉത്തരവിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഹൂതികളോട് അടുത്ത സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അല്‍-മന്ദേബ് ഇടുക്കിന് സമീപം ഹൊദൈദയിലെയും ഏദൻ ഗള്‍ഫിലെയും മലമ്പ്രദേശങ്ങളില്‍ ഹൂതികള്‍ ഇതിനകം തന്നെ മിസൈലുകളും ഡ്രോണുകളും വിന്യസിച്ച് കപ്പലുകളെ ആക്രമിക്കാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കിക്കഴിഞ്ഞു.ബാബ് അല്‍-മന്ദേബ് ഇടുക്ക് എപ്പോള്‍ അടയ്ക്കണം എന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം നിലവില്‍ യെമനിലുള്ള ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) പ്രതിനിധികളായിരിക്കും കൈക്കൊള്ളുകയെന്നും സൂചനയുണ്ട്.
ഭീഷണിയില്‍ ആഗോള എണ്ണവിപണി ഇറാന്റെ ഉപരോധത്തെ തുടർന്ന് നിലവില്‍ ഹോർമുസ് കടലിടുക്ക് നിലവിൽ അടച്ചിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ചെങ്കടല്‍ പാതയും തടസ്സപ്പെട്ടാല്‍ അത് ആഗോള ഊർജ്ജ പ്രതിസന്ധി ചരിത്രത്തിലെ ഏറ്റവും കടുത്ത ഘട്ടത്തിലേക്ക് എത്തിക്കും. ലോകത്തെ രണ്ട് പ്രധാന എണ്ണ കയറ്റുമതി പാതകള്‍ ഒരേസമയം അടയ്ക്കപ്പെടുന്നത് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷത്തില്‍ പുതിയൊരു യുദ്ധമുഖം തുറക്കും.
മേഖലയില്‍ പിരിമുറുക്കം വർദ്ധിപ്പിച്ചുകൊണ്ട്, തങ്ങളുടെ നിയന്ത്രണത്തിലുള്ള എയർപോർട്ടില്‍ ബോംബാക്രമണം നടത്തിയെന്ന് ആരോപിച്ച് ഹൂതികള്‍ കഴിഞ്ഞ തിങ്കളാഴ്ച സൗദി അറേബ്യയ്ക്ക് നേരെ മിസൈലുകള്‍ വർഷിച്ചിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ നിലനിന്നിരുന്ന നാല് വർഷത്തെ സമാധാന ഉടമ്പടിയാണ് തകർന്നത്.”യുദ്ധം തീവ്രമാവുകയും അത് ചെങ്കടലിലെ കയറ്റുമതി അടിസ്ഥാന സൗകര്യങ്ങളിലേക്ക് പടരുകയും ചെയ്താല്‍, അത് ഈ മേഖലയില്‍ നിന്നുള്ള എണ്ണ കയറ്റുമതിക്കായുള്ള ഒരേയൊരു ബദല്‍ പാതയെക്കൂടി ഭീഷണിയിലാക്കും.” – ടോർബ്ജോണ്‍ സോള്‍വെഡ്റ്റ് (മിഡില്‍ ഈസ്റ്റ് അനലിസ്റ്റ്, വെറിസ്ക് മേപ്പിള്‍ക്രോഫ്റ്റ്)
ആശങ്കയോടെ സൗദി അറേബ്യ ഇറാൻ-ഹൂതി ഭീഷണികളെ സൗദി അറേബ്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. യെമൻ വിമതർ ഇപ്പോള്‍ ചെങ്കടല്‍ വിഷയത്തില്‍ ഇറാനുമായി ചേർന്ന് കൃത്യമായ ആസൂത്രണം നടത്തുന്നുണ്ടെന്ന് റിയാദിന് വിവരമുണ്ട്.കഴിഞ്ഞ ഫെബ്രുവരി 28-ന് ഇസ്രായേലും യു.എസും ചേർന്ന് ഇറാനെ ആക്രമിച്ചതോടെയാണ് നിലവിലെ സംഘർഷങ്ങള്‍ക്ക് തുടക്കമായത്. ഇതേത്തുടർന്ന് ആഗോള ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോയിരുന്ന ഹോർമുസ് ഇടുക്ക് ഇറാൻ അടച്ചുപൂട്ടിയിരുന്നു. ജൂണില്‍ രൂപീകരിച്ച താല്‍ക്കാലിക സമാധാന കരാർ തകർന്നതോടെയാണ് മേഖലയില്‍ വീണ്ടും യുദ്ധഭീതിയും ഊർജ്ജ പ്രവാഹ തടസ്സവും ഉണ്ടായത്.
ഹോർമുസ് പ്രതിസന്ധിക്ക് ശേഷം ഗള്‍ഫ് എണ്ണയുടെ വലിയൊരു ഭാഗം സൗദി പൈപ്പ്‌ലൈൻ വഴി ചെങ്കടലിലേക്കാണ് തിരിച്ചുവിട്ടിരുന്നത്. നിലവില്‍ ആഗോള എണ്ണ വിതരണത്തിന്റെ 7 ശതമാനവും ഈ ജലപാതയിലൂടെയാണ് കടന്നുപോകുന്നത്. മുമ്പ് ഗാസ യുദ്ധസമയത്ത് ഹൂതികള്‍ കപ്പലുകള്‍ ആക്രമിച്ചപ്പോള്‍ വൻകിട കമ്പനികള്‍ ആഫ്രിക്ക ചുറ്റിയുള്ള ദൈർഘ്യമേറിയ വഴി സ്വീകരിച്ചിരുന്നു. സൗദി അറേബ്യ തങ്ങളുടെ എണ്ണ കയറ്റുമതിയുടെ 70 ശതമാനവും ചെങ്കടല്‍ തുറമുഖമായ യാൻബു വഴിയാണ് നടത്തുന്നത് എന്നതിനാല്‍ ഇവിടെയുണ്ടാകുന്ന ആക്രമണം വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കും.
ആഗോള സമ്പദ്‌വ്യവസ്ഥയെ ഭീഷണിപ്പെടുത്തി അമേരിക്കയ്ക്ക് മേല്‍ സമ്മർദ്ദം ചെലുത്തുകയാണ് ഇറാന്റെ ലക്ഷ്യം. ചെങ്കടല്‍ പാത അടച്ചുപൂട്ടുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാണിച്ച രാഷ്ട്രീയ നിരീക്ഷകർ, അത്യാധുനിക മിസൈലുകള്‍ ഇല്ലാതെ ഒരു സാധാരണ തോക്കുള്ള ആർക്കും കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താൻ സാധിക്കുമെന്ന് വ്യക്തമാക്കുന്നു.ലെബനനിലെ ഹിസ്ബുള്ളയും ഇറാഖിലെ ഷിയാ സായുധ ഗ്രൂപ്പുകളും ഉള്‍പ്പെടുന്ന ഇറാന്റെ “പ്രതിരോധത്തിന്റെ അച്ചുതണ്ട്” (Axis of Resistance) സഖ്യത്തിന്റെ ഭാഗമായാണ് ഹൂതികള്‍ പ്രവർത്തിക്കുന്നത്. ഹൂതികള്‍ക്ക് ഇറാൻ ആയുധവും സാമ്പത്തിക സഹായവും നല്‍കുന്നുണ്ടെന്ന് അമേരിക്ക ആരോപിക്കുമ്പോഴും ടെഹ്‌റാൻ ഇത് നിരന്തരം നിഷേധിക്കുകയാണ്.

