Wednesday, July 15, 2026
HomeAmericaഹോർമൂസ് നികുതിയിൽ മലക്കം മറിഞ്ഞ് ട്രംപ്: നയമാറ്റം ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം

ഹോർമൂസ് നികുതിയിൽ മലക്കം മറിഞ്ഞ് ട്രംപ്: നയമാറ്റം ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം

വാഷിങ്ങ്ടൺ: ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ശതമാനം ‘റീഇംബേഴ്സ്മെന്റ് ഫീസ്’ (Reimbursement Fee) ഈടാക്കുമെന്ന വിവാദ തീരുമാനത്തിൽ നിന്ന് യു ടേൺ അടിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുപ്രധാന നയമാറ്റം ട്രംപ് നടത്തിയത്. ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകൾക്ക് 20 ശതമാനം നികുതി ഏർപ്പെടുത്തുമെന്നായിരുന്നു നേരത്തെയുള്ള ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ, ഇത് പിൻവലിച്ചുകൊണ്ട് ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര-നിക്ഷേപ കരാറുകളിൽ ഏർപ്പെടുമെന്ന് ട്രംപ് അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾ അമേരിക്കയിൽ പുതിയ ഫാക്ടറികളും നിർമാണശാലകളും സ്ഥാപിക്കാൻ സഹായിക്കുമെന്നും, ദശലക്ഷക്കണക്കിന് ഉയർന്ന ശമ്പളമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഇറാനുമായി ബന്ധപ്പെട്ട ചരക്ക് കപ്പലുകൾക്ക് ഒഴികെ ബാക്കി എല്ലാ രാജ്യങ്ങൾക്കും കടലിടുക്ക് തുറന്നുകൊടുക്കുമെന്നും, ഇറാനിയൻ കപ്പലുകൾക്കെതിരെ പൂർണമായ ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

2026 ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ അക്രമിച്ചത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ ഹുർമുസ് കടലിടുക്ക് അടക്കുകയായിരുന്നു. ജൂലൈ 13ന്, അമേരിക്ക ഹുർമുസ് കടലിടുക്കിന്റെ ‘ഗാർഡിയൻ’ ആകുമെന്നും, സുരക്ഷാ ചെലവുകൾക്കായി കപ്പലുകളിൽ നിന്ന് 20 ശതമാനം നികുതി ഈടാക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഇതിനെതിരെ ബ്രസീലിയൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയും, ഈ തീരുമാനത്തെ ‘കടൽക്കൊള്ള’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര ജലപാതകളിൽ ഇത്തരത്തിൽ നികുതി ഈടാക്കുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (ഐ.എം.ഒ) ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, ഇറാൻ കപ്പലുകൾ തടയുന്നതും, അമേരിക്ക ഇറാൻ തുറമുഖങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നതും പതിവായി മാറി. ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ ഊർജ കയറ്റുമതിക്കും ഭക്ഷ്യ ഇറക്കുമതിക്കും പ്രധാനമായും ആശ്രയിക്കുന്നത് ഹുർമുസ് കടലിടുക്കിനെയാണ്. ഈ പാതയിലെ തടസ്സങ്ങൾ ഗൾഫ് മേഖലയിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments