വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം ‘റീഇംബഴ്‌സ്‌മെന്റ് ഫീസ്’ ഈടാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിന് പകരമായി ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നടത്തുന്ന വ്യാപാര-നിക്ഷേപ കരാറുകൾ നടപ്പിലാക്കിമെന്നാണ് ഡോണൾഡ‍് ട്രംപിൻ്റെ പുതിയ തീരുമാനം. മിഡിൽ ഈസ്റ്റ് നേതാക്കളുമായി വളരെ ഫലപ്രദമായ ചർച്ചകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ 20 ശതമാനം അമേരിക്കൻ റീഇംബഴ്‌സ്‌മെന്റ് ഫീസ് ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു. അതിന് പകരം വിവിധ ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ വ്യാപാര-നിക്ഷേപ കരാറുകൾ നടപ്പാക്കും എന്നായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഹോർമുസ് കടലിടുക്കിൽ അമേരിക്ക നൽകുന്ന സുരക്ഷാ സേവനങ്ങൾക്കുള്ള ചെലവ് തിരിച്ചുപിടിക്കാനാണ്’റീഇംബഴ്‌സ്‌മെന്റ് ഫീസ്’ ഏർപ്പെടുത്തുന്നതെന്ന് ട്രംപ് തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച ഇറാഖ് പ്രധാനമന്ത്രിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച സന്ദേശത്തിലൂടെ ട്രംപ് നിലപാട് മാറ്റം പ്രഖ്യാപിച്ചത്.
ഇതിനിടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി നൂറുകണക്കിന് വിദേശ കപ്പലുകൾ യാത്രാനുമതിക്കായി സമീപിച്ചതായി ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ഇറാൻ രൂപീകരിച്ച പുതിയ അതോറിറ്റി അറിയിച്ചു. ഇവയിൽ ഭൂരിഭാഗം കപ്പലുകൾക്കും യാത്രാനുമതിയും ഇൻഷുറൻസ് പരിരക്ഷയും നൽകിയതായി അതോറിറ്റി അവകാശപ്പെട്ടു. എന്നാൽ കൃത്യമായ കണക്കുകൾ ഇവർ പുറത്തുവിട്ടിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിൽ നിയന്ത്രണം ശക്തമാക്കുന്നതിനും ജലപാതയിലെ പരമാധികാര അവകാശവാദം ഔപചാരികമാക്കുന്നതിനുമായി ഇറാൻ ഈ വർഷം ആദ്യം പിജിഎസ.എ (PGSA) എന്ന സംവിധാനം ആരംഭിച്ചിരുന്നു. പിജിഎസ്എ മുഖേന മുൻകൂട്ടി ഏകോപനം നടത്തുന്ന കപ്പലുകൾക്ക് മാത്രമേ കടന്നുപോകാൻ അനുമതിയുള്ളൂവെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. മേഖലയിലെ അമേരിക്കൻ സൈനിക നീക്കങ്ങളാണ് പുതിയ നിയന്ത്രണങ്ങൾക്ക് കാരണമെന്നും ഇറാൻ ആരോപിച്ചിരുന്നു. അതേസമയം പിജിഎസ്എയുമായി സഹകരിക്കരുതെന്ന് അമേരിക്ക കപ്പൽ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ സമ്മതിച്ചാലും ഇല്ലെങ്കിലും ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കും എന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഇതിനിടെ ഇറാനെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ഇറാനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം കിഷ്, ഖെഷം ദ്വീപുകൾ, ബുഷെഹർ, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തെക്കൻ ഇറാനിലെ പ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇന്ന് അഞ്ച് സ്ഫോടനങ്ങൾ ഉണ്ടായതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബി റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഹോർമോസ്ഗാൻ പ്രവിശ്യയിൽ ഇന്ന് പുലർച്ചെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുഷെഹർ, ചാബഹാർ, ജാസ്ക്, കോനാറക്, അബു മൂസ, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ ഇന്നലെ വ്യാപക ആക്രമണം നടത്തിയതാണ് അമേരിക്കൻ സൈന്യത്തിൻ്റെ അവകാശവാദം.
അമേരിക്കൻ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും ആക്രമണങ്ങൾ നടത്തി. കുവൈത്ത്, ബഹ്‌റൈൻ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ ആക്രമണം. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന രണ്ട് കപ്പലുകളെ ലക്ഷ്യമിട്ടതായും ഇറാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ ബഹ്‌റൈനിലേക്ക് നിരവധി മിസൈൽ ആക്രമണങ്ങൾ നടത്തി. ഇറാനിൽ നിന്ന് തൊടുത്ത നാല് മിസൈലുകൾ ജോർദാന്റെ വ്യോമപ്രതിരോധ സംവിധാനം വെടിവെച്ചിട്ടുവെന്നാണ് ജോർദാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ പെട്ര റിപ്പോർട്ട് ചെയ്യുന്നത്. യുഎഇയുടെ രണ്ട് എണ്ണകപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണമുണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണം വിട്ട രണ്ട് സൂപ്പർടാങ്കറുകളെ ആക്രമിച്ച് പ്രവർത്തനരഹിതമാക്കി എന്നാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ അവകാശവാദം.

