ഹോർമുസ് കടലിടുക്കില്‍ ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തിന് ബദലായി ചരിത്രപരമായൊരു നീക്കത്തിനൊരുങ്ങി ഇറാഖും സിറിയയും അമേരിക്കയും.കിർക്കുക്കില്‍ നിന്ന് സിറിയയിലെ ബനിയാസിലേക്കുള്ള 500 മൈല്‍ നീളമുള്ള പഴയ എണ്ണ പൈപ്പ്‌ലൈൻ വീണ്ടും പ്രവർത്തനക്ഷമമാക്കാൻ മൂന്ന് രാജ്യങ്ങളും ധാരണയിലെത്തി. എണ്ണ കയറ്റുമതിക്കായി ഹോർമുസിനെ മാത്രം ആശ്രയിക്കുന്ന ഇറാഖിന്റെ ആശങ്കകള്‍ക്ക് അറുതി വരുത്തുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
അടുത്ത ആഴ്ച വൈറ്റ് ഹൗസില്‍ ഇറാഖ് പ്രധാനമന്ത്രി അലി അല്‍ സെയ്ദിയും അമേരിക്കൻ പ്രസിഡന്റ് ട്രംപും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ട്രംപിന്റെ പ്രത്യേക ദൂതൻ ടോം ബരാകാണ് ഈ കരാറിന്റെ അണിയറ പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്നത്.
1952-ല്‍ നിർമ്മിച്ച്, ഇറാഖ്-ഇറാൻ യുദ്ധകാലത്ത് അടച്ചുപൂട്ടുകയും പിന്നീട് 2003-ലെ അധിനിവേശത്തില്‍ തകരുകയും ചെയ്ത പൈപ്പ്‌ലൈൻ പൂർണ്ണമായും പുതുക്കിപ്പണിയാനാണ് തീരുമാനം. ചെവ്‌റോണ്‍, ക്യാപിറ്റല്‍ ടി.ഐ തുടങ്ങിയ അമേരിക്കൻ കമ്പനികളും ഒരു ഖത്തർ കമ്പനിയും ചേർന്നാകും ഇതിന്റെ പുനർനിർമ്മാണം നടത്തുക. പദ്ധതി പൂർത്തിയാക്കാൻ ഏകദേശം മൂന്ന് വർഷത്തോളം സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍
സിറിയയില്‍ അഹമ്മദ് അല്‍ ഷറ അധികാരത്തില്‍ വന്നതോടെയാണ് പദ്ധതി വീണ്ടും സജീവമായത്. സിറിയയെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് അമേരിക്ക നീക്കം ചെയ്തത് ഈ സഹകരണത്തിന് വഴിയൊരുക്കി. ഇറാഖിന്റെ എണ്ണക്കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വെറും 8 ശതമാനമായി കൂപ്പുകുത്തിയ സാഹചര്യത്തില്‍, തങ്ങളുടെ സാമ്പത്തിക അടിത്തറ സംരക്ഷിക്കാൻ സിറിയ വഴിയുള്ള ഈ പുതിയ പാത ഇറാഖിന് അനിവാര്യമാണ്. സിറിയൻ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷൈബാനി കരാറില്‍ ഒപ്പിടുന്നതിനായി വൈകാതെ അമേരിക്ക സന്ദർശിക്കുമെന്നും വിവരങ്ങളുണ്ട്.
ഹോർമുസ് കടലിടുക്കില്‍ ഇറാൻ ചെലുത്തുന്ന സമ്മർദ്ദം മറികടക്കാൻ ഇറാഖ് കണ്ടെത്തിയ ഈ വഴി, മധ്യപൂർവേഷ്യൻ ഇന്ധന വിപണിയില്‍ വലിയൊരു മാറ്റത്തിന് വഴിയൊരുക്കും. രാഷ്ട്രീയമായി അകലം പാലിച്ചിരുന്ന ഇറാഖും സിറിയയും ഒരേ ലക്ഷ്യത്തിനായി കൈകോർക്കുമ്പോള്‍, അത് മേഖലയിലെ ഇറാനിയൻ ആധിപത്യത്തിന് വലിയൊരു വെല്ലുവിളിയാകും.
എണ്ണ സമ്പദ്‌വ്യവസ്ഥയെ ആശ്രയിക്കുന്ന ഇറാഖിനെ സംബന്ധിച്ചിടത്തോളം, ഈ പൈപ്പ്‌ലൈൻ പദ്ധതി അവരുടെ അതിജീവനത്തിനായുള്ള ഏറ്റവും വലിയ ചുവടുവെപ്പാണ്. ഹോർമുസിനെ ആശ്രയിക്കാതെ എണ്ണ ലോകവിപണിയിലെത്തിക്കാനുള്ള ഈ നീക്കം, വരും വർഷങ്ങളില്‍ പശ്ചിമേഷ്യൻ ഭൂപടത്തെയും ഊർജ്ജ രാഷ്ട്രീയത്തെയും അടിമുടി മാറ്റിമറിക്കുമെന്ന് ഉറപ്പാണ്.

