Friday, July 10, 2026
HomeNewsപശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്രവും ചർച്ചകളും ഏക പോംവഴി എന്ന് ...

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്രവും ചർച്ചകളും ഏക പോംവഴി എന്ന് ഖത്തർ

ലണ്ടൻ: പശ്ചിമേഷ്യൻ പ്രതിസന്ധികൾ ഉൾപ്പെടെയുള്ള ആഗോള തർക്കങ്ങൾ പരിഹരിക്കാൻ നയതന്ത്രവും ചർച്ചകളും മാത്രമാണ് ഏക പോംവഴിയെന്ന് ഖത്തർ. അന്താരാഷ്ട്ര തലത്തിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അൽ അൻസാരിയും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫിയും വ്യക്തമാക്കി. ലണ്ടനിലെ പ്രശസ്തമായ ‘ചാഥം ഹൗസിൽ’ നടന്ന ലണ്ടൻ കോൺഫറൻസ് 2026-ൽ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും.

തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കുക എന്നത് ഖത്തറിനെ സംബന്ധിച്ച് കേവലം ഒരു വിദേശ നയതന്ത്രമല്ല, മറിച്ച് രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന കർത്തവ്യമാണെന്ന് സഹമന്ത്രി അൽ ഖുലൈഫി പറഞ്ഞു. അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കണമെന്ന ഖത്തർ ഭരണഘടനയുടെ ‘ആർട്ടിക്കിൾ 7’ നെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളുമായും ഒരേസമയം മികച്ച ബന്ധം പുലർത്തുക എന്നതാണ് ഖത്തറിന്റെ ശൈലി. എല്ലാ കക്ഷികളോടും സംസാരിക്കുന്നു എന്നതിനർത്ഥം അവരുടെ നിലപാടുകളെ ഖത്തർ അംഗീകരിക്കുന്നു എന്നല്ല. പ്രതിസന്ധി ഘട്ടങ്ങളിലും ചർച്ചകളുടെ വാതിലുകൾ തുറന്നിടുക എന്നത് ഒരു മധ്യസ്ഥ രാജ്യം ചെയ്യേണ്ട ഏറ്റവും വലിയ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരസ്പര ധാരണയിൽ എത്തിയവർക്ക് നൽകുന്ന ഒരു സമ്മാനമല്ല ചർച്ചകൾ, മറിച്ച് ധാരണയിലേക്ക് എത്തിച്ചേരാനുള്ള ഒരേയൊരു വഴിയാണ്. നയതന്ത്രത്തിന്റെ വിജയം അളക്കേണ്ടത് വലിയ വാർത്താ തലക്കെട്ടുകൾ നോക്കിയല്ല, മറിച്ച് അത് ഉണ്ടാക്കുന്ന സുസ്ഥിരമായ ഫലങ്ങൾ വിലയിരുത്തിയാണ്’– ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി

വിജയകരമായ മധ്യസ്ഥതയ്ക്ക് മൂന്ന് പ്രധാന തൂണുകളാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരിലേക്കുമുള്ള പ്രവേശനം, വിശ്വാസ്യത, കഠിനാധ്വാനം. ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേലയുടെ ‘ശത്രുവുമായി സമാധാനത്തിലാകണമെങ്കിൽ, നിങ്ങൾ ശത്രുവിനൊപ്പം ഇരുന്ന് ജോലി ചെയ്യണം’ എന്ന വാക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

അഫ്ഗാനിസ്ഥാൻ, ഗാസ, ചാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ തുടങ്ങിയ ഇടങ്ങളിൽ ഖത്തർ നടത്തിയ വിജയകരമായ ഇടപെടലുകൾ അൽ ഖുലൈഫി ചൂണ്ടിക്കാണിച്ചു. ഒരു മധ്യസ്ഥന് ഒരിക്കലും സ്വന്തം താല്പര്യങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ കഴിയില്ല, മറിച്ച് ചർച്ചകൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുക മാത്രമാണ് ലക്ഷ്യം. ആഗോള നയതന്ത്രത്തിൽ സൈനികമോ സാമ്പത്തികമോ ആയ ശക്തിയേക്കാൾ, വിശ്വസ്തത കൊണ്ട് സ്വാധീനമുണ്ടാക്കുന്ന മധ്യസ്ഥ രാജ്യങ്ങളുടെ പ്രസക്തി ഇന്ന് വർദ്ധിച്ചുവരികയാണെന്നും ഖത്തർ പ്രതിനിധികൾ ലണ്ടനിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments