Tuesday, July 7, 2026
HomeNewsആയത്തുള്ള അലി ഖാംനഈയുടെ ഭൗതികദേഹം കേടുകൂടാതെ സൂക്ഷിച്ചത് 125 ദിവസം

ആയത്തുള്ള അലി ഖാംനഈയുടെ ഭൗതികദേഹം കേടുകൂടാതെ സൂക്ഷിച്ചത് 125 ദിവസം

തെഹ്‌റാൻ : ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ ഭൗതികദേഹം 125 ദിവസങ്ങളായി കേടുപാടുകൾ കൂടാതെ സംരക്ഷിച്ചതെങ്ങനെയെന്ന കാര്യത്തിൽ വ്യക്തത വരുന്നു. ഇസ്‌ലാം മത വിശ്വാസികളിൽ സുന്നി കർമ്മശാസ്ത്രപ്രകാരം മൃതദേഹം എത്രയും വേഗം, സാധാരണയായി 24 മണിക്കൂറിനുള്ളിൽ ഖബറടക്കാനാണ് നിർദ്ദേശിക്കുന്നത്. എന്നാൽ ശിയാ വിശ്വാസപ്രകാരം അനിവാര്യമായ സാഹചര്യങ്ങളിൽ കർമ്മശാസ്ത്രം ഇതിന് ഇളവുകൾ അനുവദിക്കുന്നുണ്ട്. ഈ നിയമസാധുത പ്രയോജനപ്പെടുത്തിയാണ് ഇറാൻ ഭരണകൂടം മൃതദേഹം സംരക്ഷിക്കാൻ നടപടി സ്വീകരിച്ചത്.

ഇസ്‌ലാമിക നിയമപ്രകാരം രാസവസ്തുക്കൾ ഉപയോഗിച്ചുള്ള എംബാം ചെയ്യുന്നത് കർശനമായി വിലക്കിയിട്ടുള്ളതിനാൽ, മൃതദേഹം അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ശീതീകരണ അറകളിൽ സൂക്ഷിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മൃതദേഹം ഒരിടത്തും ഖബറടക്കുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്തിട്ടില്ലെന്നും, മതപരമായ മാനദണ്ഡങ്ങൾ പാലിച്ച് ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കുകയായിരുന്നുവെന്നും സംസ്കാര ചടങ്ങുകൾക്കായുള്ള പ്രത്യേക സമിതി വക്താവ് ഇമാൻ അത്താർഷാദെ വ്യക്തമാക്കി.

യുദ്ധസാഹചര്യങ്ങളെത്തുടർന്ന് രാജ്യം നേരിട്ട സുരക്ഷാ വെല്ലുവിളികളാണ് അന്ത്യകർമങ്ങൾ വൈകാൻ കാരണമായത്. കഴിഞ്ഞ മാസം ഒപ്പുവെച്ച താൽക്കാലിക സമാധാന ഉടമ്പടിക്ക് ശേഷം മാത്രമാണ് സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. നേതാവ് ആയത്തുല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ അദ്ദേഹത്തിന്റെ മൂത്ത മകനും നിലവിലെ പരമോന്നത നേതാവുമായ മുജ്തബ അലി ഖാംനഈയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ആയത്തുല അലി ഖാംനഈ കൊല്ലപ്പെട്ട ആക്രമണത്തിൽ മുജ്തബക്കും ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ടായിരുന്നു. ഖാംനഈയുടെ മറ്റു മൂന്ന് മക്കൾ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യം പുറത്തുവന്നു.

ഏഴ് ദിവസത്തെ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. 86കാരനായ ആയത്തുല്ല അലി ഖാംനഈ ഫെബ്രുവരി 28നാണ് അമേരിക്കയുടെ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നത്. അതോടെയാണ് ഇറാൻ -യു.എസ് യുദ്ധം ആരംഭിക്കുന്നത്. ഖാംനഈയുടെ സംസ്കാരം മാർച്ചിൽ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും യുദ്ധം കാരണം നീണ്ടുപോവുകയായിരുന്നു. ദശലക്ഷക്കണക്കിനാളുകളാണ് പൊതുദർശനത്തിൽ പങ്കെടുക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ തെഹ്റാനിലായിരുന്നു പൊതുദർശനവും പ്രാർഥന ചടങ്ങുകളും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മൃതദേഹം വഹിച്ചുള്ള ‘വിലാപയാത്ര’ ഖൂം നഗരത്തെ ലക്ഷ്യമാക്കി തെഹ്റാനിൽനിന്ന് തെക്കൻ ഭാഗത്തേക്ക് നീങ്ങും. ബുധനാഴ്ച വിമാനമാർഗം ഇറാഖിലേക്ക് കൊണ്ടുപോയി നജഫിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ശിയ പുണ്യസ്ഥലമായ കർബലയിൽ (ഇമാം ഹുസൈൻ രക്തസാക്ഷിയായ സ്ഥലം) പൊതുദർശനവും പ്രാർഥന ചടങ്ങുകളും. തുടർന്ന് ഇറാനിലേക്ക് തിരിച്ചുകൊണ്ടുവരും.

ജൂലൈ ഒമ്പത് വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദിൽ ഖബറടക്കുക. നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സംസ്കാര ചടങ്ങിൽ സംബന്ധിക്കും. കൂടുതൽ പ്രമുഖരും വെള്ളിയാഴ്ചത്തെ ചടങ്ങിലാണ് സംബന്ധിക്കുക. ഒരു കോടിയിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

അതിനിടെ, ഖാംനഈയുടെ സംസ്കാര ചടങ്ങ് നടക്കുന്നതിനിടയിലും പരിഹാസവും പ്രകോപനവും നിറഞ്ഞ പ്രസ്താവനകളുമായ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. എല്ലാവരും ഒരുമിച്ച് കൂടിയിട്ടുണ്ടെന്നും വേണമെങ്കിൽ ഒറ്റ വെടിക്ക് തീർക്കാമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇത്രയധികം ആളുകൾ ഖാംനഈയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് താൻ കരുതിയില്ലെന്നും അവർക്കെല്ലാം ഖാംനഈയോട് സ്നേഹമുണ്ടെന്ന് തോന്നുന്നില്ലെന്നും പലരും സങ്കടം അഭിനയിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments