Sunday, July 5, 2026
HomeNewsസ്‌കൈറൂട്ടിൻ്റെ വിക്രം-I റെഡി: സ്വകാര്യ കമ്പനിയുടെ ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഇന്ത്യ

സ്‌കൈറൂട്ടിൻ്റെ വിക്രം-I റെഡി: സ്വകാര്യ കമ്പനിയുടെ ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന് ഒരുങ്ങി ഇന്ത്യ

സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യ. ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആയ സ്‌കൈറൂട്ട് എയ്റോസ്പേസാണ് തങ്ങളുടെ വിക്രം-I റോക്കറ്റ് ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ജൂലായ് 12-നും ഓഗസ്റ്റ് 4-നും ഇടയിൽ വിക്ഷേപണം നടത്താൻ കഴിയുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയിൽ ഒരു പുതുയുഗത്തിന് തുടക്കം കുറിക്കാൻ സാധ്യതയുള്ളതാണ് ഈ വിക്ഷേപണമെന്ന് വിദഗ്ധർ പറയുന്നു.

ശ്രീഹരിക്കോട്ടയിലെ ഐ.എസ്.ആർ.ഒയുടെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നാവും വിക്ഷേപണം. ‘ആഗമൻ’ എന്ന് പേരിട്ടിരിക്കുന്ന ഈ ദ്രൗത്യം ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യമായി വികസിപ്പിച്ച ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണ ശ്രമമായി മാറും. ദൗത്യം വിജയിച്ചാൽ സ്‌പേസ്എക്‌സ്, ബ്ലൂ ഒറിജിൻ, റോക്കറ്റ്‌ലാബ് തുടങ്ങിയ ലോകത്തിലെ ചുരുക്കം ചില എയ്‌റോസ്‌പേസ് കമ്പനികൾക്കുമാത്രം സാധ്യമായ ഈ നേട്ടം കൈവരിക്കുന്ന സ്വകാര്യ കമ്പനികളുടെ ആഗോള കൂട്ടായ്മയിലേക്ക് സ്‌കൈറൂട്ടും ഉയരും.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ മേഖലയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിന്റെ തുടക്കമായി ഈ ദൗത്യം അടയാളപ്പെടുത്തിയേക്കും. ഏഴ് നിലകളുള്ളതാണ് വിക്രം-I റോക്കറ്റ്. ഒരു വാണിജ്യ ഉപഗ്രഹ വിക്ഷേപണത്തിൽനിന്ന് വ്യത്യസ്തമായി ‘ആഗമൻ’ ഒരു എൻജിനീയറിങ് പ്രദർശന ദൗത്യം മാത്രമായിരിക്കും. റോക്കറ്റ് വഹിക്കുക ടെസ്റ്റ് പേലോഡുകൾ മാത്രമാകും. യഥാർഥ വിക്ഷേപണ സാഹചര്യങ്ങളിൽ റോക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കുകയാണ് ലക്ഷ്യം.

സ്‌പേസ്എക്‌സിന്റെ ഫാൽക്കൺ 1 മുതൽ റോക്കറ്റ് ലാബിന്റെ ഇലക്ട്രോൺ വരെയുള്ള ഓരോ പുതിയ വിക്ഷേപണ വാഹനത്തെയും പോലെ, വിക്രം-I-ഒരു വാണിജ്യ ലോഞ്ചറാകുന്നതിന് മുമ്പ് നിരവധി പരീക്ഷണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. കമ്പനി പ്രതിദിനം 24 മണിക്കൂറും പ്രവർത്തിച്ചാണ് ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.

ബഹിരാകാശ ഗവേഷണ മേഖല ഇന്ത്യ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുത്തത് 2020-ൽ മാത്രമാണ്. ആറ് വർഷത്തിനുള്ളിൽ വിവിധ സ്റ്റാർട്ടപ്പുകൾ റോക്കറ്റ് എഞ്ചിനുകൾ, ഉപഗ്രഹങ്ങൾ, പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ എന്നിവ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നിരുന്നാലും സ്വതന്ത്രമായി ഒരു റോക്കറ്റ് ഭ്രമണപഥത്തിൽ എത്താനുള്ള ശ്രമം ആദ്യമായാണ് നടക്കുന്നത്.

ഐ.എസ്.ആർ.ഒയ്ക്കും നേട്ടം പതിറ്റാണ്ടുകളായി ഇന്ത്യയുടെ ബഹിരാകാശ ഗവേഷമ ഏജൻസിയായ ഐഎസ്ആർഓ പരിമിതമായ വിക്ഷേപണ വാഹനങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയ ദൗത്യങ്ങൾ, നാവിഗേഷൻ ഉപഗ്രഹങ്ങളുടെ വിക്ഷേപണം, ഭൗമ നിരീക്ഷണം, ദേശീയ സുരക്ഷ, വാണിജ്യ ഉപഗ്രഹ വിന്യാസം എന്നിവയ്ക്കുവേണ്ടിയുള്ള വിക്ഷേപണങ്ങൾ എന്നിവ നടത്തിവരികയാണ്.ഇസ്രോ സർക്കാർ പേലോഡുകൾക്ക് മുൻഗണന നൽകുന്നതിനാൽ ചെറിയ ഉപഗ്രഹ നിർമാതാക്കൾക്ക് വിക്ഷേപണ അവസരങ്ങൾക്കായി മാസങ്ങളോ വർഷങ്ങളോ കാത്തിരിക്കേണ്ടി വരുന്നു.

വിക്രം-I പോലുള്ള സംവിധാനങ്ങൾ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്നവർക്ക് മുന്നിൽ വിശാലമായ അവസരങ്ങൾ തുറന്നു നൽകുന്നു. ഇതോടെ ഇസ്രോയ്ക്ക് ഗഗൻയാൻ പോലുള്ള വലിയ പ്രോഗ്രാമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. അതേസമയം സ്വകാര്യ മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ ദൗത്യങ്ങൾ വിജയിപ്പിക്കുകയും ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments