വാഷിങ്ടൻ∙ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. 1776 ജൂലൈ 4-ന് സ്വാതന്ത്ര്യ പ്രഖ്യാപനം (Declaration of Independence) അംഗീകരിച്ചതിന്റെ 250-ാം വാർഷികമാണ് രാജ്യം ഇന്ന് ആഘോഷിക്കുന്നത്. ‘സെമിക്വിൻസെന്റീനിയൽ’ (Semiquincentennial) എന്നറിയപ്പെടുന്ന ഈ ചരിത്രനാഴികക്കല്ല് ‘അമേരിക്ക 250’ (America250) എന്ന പേരിലാണ് രാജ്യവ്യാപകമായി ആചരിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികം വെറും ആഘോഷമായി മാത്രമല്ല, രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും ജനാധിപത്യ മൂല്യങ്ങളും വിലയിരുത്താനും വരുംകാല അമേരിക്കയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവെക്കാനുമുള്ള അവസരമായാണ് സംഘാടകർ വിശേഷിപ്പിക്കുന്നത്.
2025 ഡിസംബർ 31ന് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലെ പുതുവത്സരാഘോഷത്തോടെയാണ് വാർഷിക പരിപാടികൾക്ക് തുടക്കമായത്. 2026 അവസാനംവരെ വിവിധ സംസ്ഥാനങ്ങളിലായി നൂറുകണക്കിന് അനുസ്മരണ പരിപാടികളും ചരിത്രപ്രദർശനങ്ങളും പൊതുപരിപാടികളും സംഘടിപ്പിക്കും.
1776 ജൂലൈ 4ന് ഫിലഡൽഫിയയിൽ അംഗീകരിച്ച സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെയാണ് ബ്രിട്ടിഷ് ഭരണത്തിൽനിന്ന് അമേരിക്കൻ കോളനികൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. പ്രധാനമായും തോമസ് ജെഫേഴ്സൺ തയ്യാറാക്കിയ ഈ പ്രഖ്യാപനം അമേരിക്കൻ ഐക്യനാടുകളുടെ രൂപീകരണത്തിന് അടിത്തറയിട്ട ചരിത്രരേഖയായി കണക്കാക്കപ്പെടുന്നു.
1976ലെ ദ്വിശതാബ്ദി (Bicentennial) ആഘോഷങ്ങളെക്കാൾ വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു.250-ാം വാർഷികാഘോഷങ്ങൾ രണ്ട് വ്യത്യസ്ത ദേശീയ പദ്ധതികളിലൂടെയാണ് നടക്കുന്നത്. ഒന്നാമത്തേത് കോൺഗ്രസ് 2016-ൽ രൂപീകരിച്ച യുഎസ് സെമിക്വിൻസെന്റീനിയൽ കമ്മിഷന്റെ നേതൃത്വത്തിലുള്ള അമേരിക്ക 250 (America250) പദ്ധതിയാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന America250.orgനൊപ്പം ചേർന്നാണ് ഈ കമ്മിഷൻ ആഘോഷങ്ങൾ ഏകോപിപ്പിക്കുന്നത്. മുൻ പ്രസിഡന്റുമാരായ ജോർജ് ഡബ്ല്യു. ബുഷ്, ബറാക് ഒബാമ, മുൻ പ്രഥമ വനിതമാരായ ലോറ ബുഷ്, മിഷേൽ ഒബാമ എന്നിവരും കമ്മിഷന്റെ അധ്യക്ഷന്മാരാണ്.രണ്ടാമത്തേത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഫ്രീഡം 250 (Freedom 250) പദ്ധതിയാണ്. വൈറ്റ് ഹൗസിന്റെ Salute to America 250 Task Force ആണ് ഇതിന് നേതൃത്വം നൽകുന്നത്.
ഇരുപദ്ധതികളും ഒരേ ചരിത്ര വാർഷികം ആഘോഷിക്കുന്നതാണെങ്കിലും, പരിപാടികളും ബ്രാൻഡിങ്ങും സംഘാടന സംവിധാനവും പരസ്പരം സ്വതന്ത്രമാണ്. ഇതേ തുടർന്ന് ഔദ്യോഗിക ആഘോഷങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ചില ആശയക്കുഴപ്പങ്ങളും ഉയർന്നിട്ടുണ്ട്.
350 ഫോർ 250’ (350 for 250) എന്ന മുദ്രാവാക്യവുമായി രാജ്യത്തെ ഏകദേശം 35 കോടി ജനങ്ങളെയും ആഘോഷങ്ങളുടെ ഭാഗമാക്കുകയാണ് America250 പദ്ധതിയുടെ ലക്ഷ്യം. ജൂലൈ 3 മുതൽ 5 വരെയാണ് പ്രധാന ആഘോഷങ്ങൾ നടക്കുക. ജൂലൈ നാലിന് ദേശീയതലത്തിൽ പരേഡുകൾ, സംഗീതപരിപാടികൾ, സാംസ്കാരിക ആഘോഷങ്ങൾ, ചരിത്രാവിഷ്കാരങ്ങൾ, വെടിക്കെട്ട് എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
അമേരിക്കയുടെ ഭൂതകാലത്തെ അനുസ്മരിക്കുന്നതിനൊപ്പം അടുത്ത 250 വർഷത്തേക്കുള്ള രാജ്യത്തിന്റെ ദിശയെക്കുറിച്ചുള്ള ദേശീയ ചർച്ചകൾക്കും ഈ വാർഷികം വേദിയാകുമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.

