Friday, June 26, 2026
HomeNewsകേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്കായി ഒരുങ്ങുന്നു; നിർമല സീതാരാമന്റെ അടക്കം പ്രമുഖരുടെ വകുപ്പുകൾ മാറാൻ സാധ്യത

കേന്ദ്ര മന്ത്രിസഭയിൽ വൻ അഴിച്ചുപണിക്കായി ഒരുങ്ങുന്നു; നിർമല സീതാരാമന്റെ അടക്കം പ്രമുഖരുടെ വകുപ്പുകൾ മാറാൻ സാധ്യത

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ അടുത്ത ആഴ്ച വൻ അഴിച്ചുപണി ഉണ്ടായേക്കുമെന്ന് സൂചന. ഉന്നത തലത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍റെ രാജിയെത്തുടർന്ന് നിർണായകമായ വകുപ്പുമാറ്റങ്ങൾക്കും സാധ്യതയുണ്ട്. നിർമല സീതാരാമനെ മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാറ്റിയേക്കും. ധർമേന്ദ്ര പ്രധാൻ, ഹർദീപ് സിങ് പുരി എന്നിവർ മന്ത്രിസഭയിൽ നിന്ന് പുറത്തുപോയേക്കുമെന്ന് സൂചനയുണ്ട്. ശക്തികാന്ത ദാസ്, അനുരാഗ് താക്കൂർ, ശ്രീകാന്ത് ഷിൻഡെ, അരുൺ ഗോവിൽ തുടങ്ങിയവർ പുതിയതായി മന്ത്രിസഭയിൽ ഇടം പിടിച്ചേക്കും. പുന:സംഘടനെയ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ജൂൺ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുനഃസംഘടനയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്. വ്യാഴാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി തീയതി അന്തിമമാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടാണ് ബി.ജെ.പി നീക്കങ്ങൾ.

കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പിയിലെ മുതിർന്ന നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പലവട്ടം ചർച്ചകൾ നടത്തിയിരുന്നു. മന്ത്രിസഭാ വിപുലീകരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇതിനുശേഷമാണ് ശക്തമായത്. ചില സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം നൽകാനും, ചില നേതാക്കളെ പാർട്ടി സംഘടന പ്രവർത്തനങ്ങളിലേക്ക് മാറ്റാനും സാധ്യതയുണ്ട്.ജൂൺ 23-നാണ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ രാജിവെച്ചത്. രാഷ്ട്രപതി രാജി സ്വീകരിക്കുകയും ചെയ്തു. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന അദ്ദേഹത്തിന്റെ കാലാവധി ജൂൺ 24-ന് അവസാനിച്ചിരുന്നു. വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെടില്ലെന്ന് പാർട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്റ് അംഗമല്ലാത്തതിനാൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നു.

ശക്തികാന്ത ദാസിനെ മുൻ ആർ.ബി.ഐ ഗവർണറെ കാബിനറ്റ് മന്ത്രിയായി പരിഗണിച്ചേക്കും. നിർമല സീതാരാമനെ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ധർമേന്ദ്ര പ്രധാൻ, ഹർദീപ് സിങ് പുരി എന്നിവരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയേക്കും.എൻ.ഡി.എയിലേക്ക് ആറ് എം.പിമാരെ കൊണ്ടുവന്നതിന് ശിവസേനയ്ക്ക് പ്രതിഫലമായി.ശ്രീകാന്ത് ഷിൻഡെക്ക് ക്യാബിനറ്റ് പദവി ലഭിച്ചേക്കാം. അനുരാഗ് താക്കൂർ വീണ്ടും കേന്ദ്ര മന്ത്രിസഭയിൽ എത്തിയേക്കും. മീററ്റ് എം.പിയായ അരുൺ ഗോവിലിനെ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കാം

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് നിർണായകമാണെങ്കിലും പങ്കജ് ചൗധരിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. രവീന്ദർ സിങ് ബിട്ടുവിന് പകരം തരുൺ ചുഗ്, നിതീഷ് കുമാർ തുടങ്ങിയവരുടെ പേരുകളും ചർച്ചയിലുണ്ട്. പ്രതാപ് റാവു ജാദവിന്റെ ആരോഗ്യ മന്ത്രാലയ ചുമതല പോയേക്കാം. മനോഹർ ലാൽ ഖട്ടറിന്റെ ഊർജ മന്ത്രാലയ ചുമതലയിലും മാറ്റം വന്നേക്കാം. കൂടാതെ, ആറോളം സഹമന്ത്രിമാരെയും ഒഴിവാക്കിയേക്കുമെന്ന് സൂചനയുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ ഈ മാറ്റങ്ങളെല്ലാം അഭ്യൂഹങ്ങളായി മാത്രമേ കാണാനാകൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments