ന്യൂഡൽഹി : കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെച്ചു. രാജ്യസഭാംഗമെന്ന നിലയിലുള്ള ആറു വർഷത്തെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അദ്ദേഹം ഔദ്യോഗികമായി രാജി സമർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമു രാജി സ്വീകരിച്ചു.
മധ്യപ്രദേശിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ രാജ്യസഭാ കാലാവധി കഴിഞ്ഞ ഞായറാഴ്ചയാണ് അവസാനിച്ചത്. ഇത്തവണ മധ്യപ്രദേശിൽ നിന്നുള്ള ഒഴിവുകളിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം ജോർജ് കുര്യനെ വീണ്ടും പരിഗണിച്ചിരുന്നില്ല. പാർലമെൻ്റ് അംഗമല്ലാത്ത ഒരാൾക്ക് പരമാവധി ആറുമാസം മാത്രമേ മന്ത്രിസ്ഥാനത്ത് തുടരാനാകൂ എന്ന ഭരണഘടനാപരമായ സാഹചര്യം നിലനിൽക്കുന്നതിനാലാണ് കാലാവധി കഴിഞ്ഞയുടൻ അദ്ദേഹം രാജി സമർപ്പിച്ചത്.
മൂന്നാം മോദി സർക്കാരിൽ ന്യൂനപക്ഷകാര്യം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളുടെ സഹമന്ത്രിയായിരുന്നു അദ്ദേഹം. മന്ത്രിസ്ഥാനം ഒഴിഞ്ഞ ജോർജ് കുര്യൻ ഇനി കേരളത്തിലെ ബിജെപിയുടെ സംഘടനാ രംഗത്ത് സജീവമായി പ്രവർത്തിക്കുമെന്നാണ് സൂചന. കേരള രാഷ്ട്രീയത്തിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള താല്പര്യം അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തിന് നിർണായക ചുമതലകൾ ലഭിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

