Monday, June 22, 2026
HomeGulfഖത്തർ റിഫൈനറിയിൽ സ്ഫോടനം: നിരവധി പേർക്ക് പൊള്ളൽ; 18 പേരെ കാണ്മാനില്ല

ഖത്തർ റിഫൈനറിയിൽ സ്ഫോടനം: നിരവധി പേർക്ക് പൊള്ളൽ; 18 പേരെ കാണ്മാനില്ല

ദോഹ : ഖത്തറിലെ പ്രമുഖ പ്രകൃതിവാതക പ്രോസസിങ് കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഞായറാഴ്ച രാത്രിയുണ്ടായ വൻ സ്ഫോടനത്തിൽ 54 പേർക്ക് പരുക്കേൽക്കുകയും 18 പേരെ കാണാതാവുകയും ചെയ്തു. ഖത്തർ എനർജിയുടെ കീഴിലുള്ള ‘ബർസാൻ’ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തിലാണ് അപകടമുണ്ടായത്.

അടുത്തിടെയുണ്ടായ സംഘർഷങ്ങളെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന പ്ലാൻ്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് സ്ഫോടനവും പിന്നാലെ വൻ തീപിടുത്തവുമുണ്ടായത്. സ്ഫോടനത്തിൻ്റെ ശബ്ദം തലസ്ഥാനമായ ദോഹയിൽ വരെ കേട്ടതായി ദൃക്‌സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു.

പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനിടയിലുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, അപകടം പ്ലാൻ്റിൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് വരുത്തിയ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രത്തോളമാണെന്ന് ഖത്തർ എനർജി ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

അപകടം നടന്നയുടൻ തന്നെ സിവിൽ ഡിഫൻസ് വിഭാഗവും അടിയന്തര രക്ഷാസേനയും സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. പരുക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. കാണാതായ 18 തൊഴിലാളികൾക്കായുള്ള തിരച്ചിൽ ‘ഖത്തർ ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിൻ്റെ’ നേതൃത്വത്തിൽ ഊർജിതമായി പുരോഗമിക്കുകയാണ്.

പ്ലാൻ്റിൽ സ്ഫോടനം ഉണ്ടായെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും, അന്തരീക്ഷത്തിലേക്ക് വിഷവാതക ചോർച്ചയോ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന മറ്റ് സാഹചര്യങ്ങളോ നിലവിലില്ലെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി രാജ്യങ്ങളിലൊന്നായ ഖത്തറിലെ പ്രധാന ഹബ്ബിലുണ്ടായ ഈ അപകടം ആഗോള ഊർജ്ജ വിപണിയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments