Monday, June 22, 2026
HomeAmericaകരാറിലെത്തിയില്ലെങ്കിൽ ഹോർമുസ് ഏറ്റെടുക്കും: ഇറാനെതിരെ ഭീഷണി മുഴക്കി ട്രംപ്

കരാറിലെത്തിയില്ലെങ്കിൽ ഹോർമുസ് ഏറ്റെടുക്കും: ഇറാനെതിരെ ഭീഷണി മുഴക്കി ട്രംപ്

വാഷിംഗ്ടൺ: ഇറാനുമായി ധാരണയിലെത്താൻ സാധിച്ചില്ലെങ്കിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വിറ്റ്‌സർലൻഡിൽ ചർച്ച നടത്തുന്ന ഇറാനിയൻ പ്രതിനിധി സംഘത്തിന് നേരെയും ട്രംപ് കടുത്ത ഭീഷണി മുഴക്കി. ഫോക്സ് ന്യൂസുമായി നടത്തിയ 20 മിനിറ്റ് നീണ്ട ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഈ നിർണായക പ്രസ്താവന നടത്തിയത്. ആവശ്യമായി വന്നാൽ തങ്ങൾ ഹോർമുസ് കടലിടുക്ക് ഏറ്റെടുത്തേക്കുമെന്നും ഇറാൻ കരാറിന് തയ്യാറാകാത്ത പക്ഷം ആ വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് അമേരിക്ക ടോൾ പിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.ലെബനനിലെ വെടിനിർത്തൽ കരാർ ഇസ്രായേൽ ലംഘിച്ചുവെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക കരാറിലെ ആദ്യ വ്യവസ്ഥ നടപ്പാക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്നും ആരോപിച്ച് ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്റെ സൈനിക നേതൃത്വം വ്യക്തമാക്കിയതായി കഴിഞ്ഞ ദിവസം ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.സ്വിറ്റ്‌സർലൻഡിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസുമായി ചർച്ച നടത്തുന്ന ഇറാൻ പ്രതിനിധികൾക്കെതിരെയും ഇറാനിൽ വീണ്ടും ബോംബാക്രമണം നടത്തുന്നതിനെക്കുറിച്ചും ട്രംപ് അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി.

കടലിടുക്ക് അടച്ചുപൂട്ടിയാൽ പിന്നെ ഇറാൻ എന്നൊരു രാജ്യം തന്നെ ഉണ്ടാകില്ലെന്നും ചർച്ചയ്ക്ക് വന്ന പ്രതിനിധികൾക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാൻ പോലും കഴിയില്ലെന്നും ഇറാൻ അധികൃതരോട് വ്യക്തമാക്കിയതായി ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ കാവൽക്കാരായി അമേരിക്ക മാറുമെന്നും അതിലൂടെ കടന്നുപോകുന്ന എണ്ണയുടെ 20 ശതമാനം യുഎസ് കൈപ്പറ്റുമെന്നും അദ്ദേഹം ആവർത്തിച്ചു. ഇതിന് പുറമെ ലെബനനിലെ ഇറാന്റെ നിഴൽ സംഘടനകൾക്കെതിരെയും ട്രംപ് ശക്തമായ മുന്നറിയിപ്പ് നൽകി. ലെബനനിൽ പ്രശ്നങ്ങളുണ്ടാക്കുന്നതിൽ നിന്ന് തങ്ങൾ വലിയ തുക നൽകി പോറ്റുന്ന നിഴൽ ഗ്രൂപ്പുകളെ ഇറാൻ അടിയന്തരമായി പിന്തിരിപ്പിക്കണമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇതിന് തയ്യാറായില്ലെങ്കിൽ കഴിഞ്ഞ ആഴ്ച നടത്തിയതിനേക്കാൾ അതിശക്തമായ പ്രത്യാക്രമണം ഇറാന് നേരെ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments