ടെഹ്റാന്‍ : ഫുട്ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാനായി ഇറാന്‍ ദേശീയ ടീമിലെ കളിക്കാര്‍ക്ക് അമേരിക്ക വിസ അനുവദിച്ചെങ്കിലും ടീമിന്റെ പ്രധാന ഭരണ-സാങ്കേതിക വിഭാഗത്തിലെ നിരവധി അംഗങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചെന്ന് ഇറാന്‍. ലോകകപ്പിലെ ആദ്യ മത്സരം ജൂണ്‍ 15-ന് ലോസ് ആഞ്ചലസില്‍ നടക്കാനിരിക്കെ, എല്ലാ കളിക്കാര്‍ക്കും കൂടെയുള്ള മറ്റു സ്റ്റാഫുകൾക്കും വിസ അനുവദിച്ചതായി അമേരിക്കന്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ടീമിന്റെ ഭരണ-നിര്‍വഹണ വിഭാഗത്തെയും സാങ്കേതിക ഉപദേഷ്ടാക്കളെയും ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തിന് വിസ നിഷേധിച്ചതായി ഇറാന്റെ തുര്‍ക്കിയിലെ എംബസി ആരോപിച്ചു.
ഇറാനിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മീഡിയ ഡയറക്ടര്‍ എന്നിവരുള്‍പ്പെടെ 15 ഉദ്യോഗസ്ഥര്‍ക്കാണ് അമേരിക്ക പ്രവേശനം നിഷേധിച്ചതെന്നാണ് സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനെ “കായികരംഗത്തിലുള്ള രാഷ്ട്രീയ ഇടപെടല്‍” എന്ന് വിശേഷിപ്പിച്ച ഇറാന്‍, അമേരിക്കയുടെ നടപടി വിവേചനപരമാണെന്ന് കുറ്റപ്പെടുത്തി. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ലോക ഫുട്ബോള്‍ സംഘടനയായ ഫിഫയോടും ഇറാന്‍ ആവശ്യപ്പെട്ടു.
അതേസമയം, ലോകകപ്പിനിടെ ഇറാന്‍ ടീമംഗങ്ങള്‍ക്ക് അമേരിക്കയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മത്സരദിവസങ്ങളില്‍ മാത്രമേ ടീമിന് അമേരിക്കയില്‍ പ്രവേശിക്കാനാകൂ എന്നും മത്സരം കഴിഞ്ഞാല്‍ അതേ ദിവസം രാജ്യം വിടണമെന്നും വിസ നിബന്ധനകളിലുണ്ടെന്ന് മെക്‌സിക്കോയിലെ ഇറാന്‍ സ്ഥാനപതി വ്യക്തമാക്കി.
അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ് ജൂണ്‍ 11-നാണ് ആരംഭിക്കുക. യുദ്ധത്തിലിരിക്കുന്ന ഒരു രാജ്യത്തിന്റെ ടീമിനെ ആതിഥേയരാജ്യം സ്വീകരിക്കുന്ന ആദ്യ ലോകകപ്പായിരിക്കും ഇത്. ഇറാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തെയും ഈജിപ്തിനെയും നേരിടും. മത്സരങ്ങള്‍ കാലിഫോര്‍ണിയയിലും സിയാറ്റിലുമായാണ് നടക്കുക.
അതേസമയം, അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ നേരത്തെ വ്യക്തമാക്കിയിരുന്നത്, ഇറാന്റെ സൈനിക വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ളവര്‍ക്ക് ലോകകപ്പ് പ്രതിനിധി സംഘത്തില്‍ ഇടം ലഭിക്കില്ലെന്നാണ്. ഇതാണ് വിസ നിഷേധത്തിന് പിന്നിലെ പ്രധാന കാരണമെന്നും റിപ്പോർട്ടുകളുണ്ട്.

