Sunday, June 7, 2026
HomeGulfസർവീസുകൾ വൻതോതിൽ വെട്ടിക്കുറക്കാൻ വിമാന കമ്പനികൾ: പ്രവാസികൾ ആശങ്കയിൽ

സർവീസുകൾ വൻതോതിൽ വെട്ടിക്കുറക്കാൻ വിമാന കമ്പനികൾ: പ്രവാസികൾ ആശങ്കയിൽ

ദുബായ് : മലയാളികൾ ഉൾപ്പെടെ ഗൾഫിലെ വിദേശികൾ സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്ന വേനലവധിക്കാലത്ത് വിമാന സർവീസുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ.

ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ വിമാന ഇന്ധനവില ഇരട്ടിയായതും വ്യോമപാതകൾ അടച്ചതും സർവീസ് സമയം അഞ്ചു മണിക്കൂർ വരെ നീണ്ടതുമാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. ആഗോളതലത്തിൽ വിമാനക്കമ്പനികൾ തങ്ങളുടെ സമ്മർ ഷെഡ്യൂളിൽനിന്ന് 75,000ത്തിലേറെ സർവീസുകളാണ് പൂർണമായി നീക്കം ചെയ്തത്. ഇതു സാധാരണക്കാരായ പ്രവാസികളുടെ യാത്രാ ബജറ്റിനെ താളംതെറ്റിക്കും. വരും ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് വലിയ തോതിൽ ഉയരുമെന്നാണ് സൂചന.

എയർ ഇന്ത്യ ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള രാജ്യാന്തര സർവീസുകളിൽ 27 ശതമാനവും ആഭ്യന്തര സർവീസുകളിൽ 22 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ അതിവേഗം വളർന്നുകൊണ്ടിരുന്ന ഇൻഡിഗോയും യൂറോപ്പിലേക്കുള്ള പ്രമുഖ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സർവീസുകൾ കുറയുന്നതോടെ കേരളത്തിലേക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും.

എമിറേറ്റ്സ് എയർലൈൻസ് ഈ മാസത്തെ സർവീസുകൾ 16% വരെ കുറച്ചു. ഇതുമൂലം ഏകദേശം അഞ്ച് ലക്ഷത്തോളം സീറ്റുകളുടെ കുറവ് വിപണിയിലുണ്ടാകും. സുരക്ഷിത വ്യോമപാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നത് കമ്പനികളുടെ പ്രവർത്തനച്ചെലവ് വൻതോതിൽ കൂട്ടി.

വിമാനക്കമ്പനികൾ സർവീസ് കുറയ്ക്കുകയും ചാർജ് കൂട്ടുകയും ചെയ്തതോടെ പല മലയാളി കുടുംബങ്ങളും ഇത്തവണ വേനലവധിക്കാലത്തെ നാട്ടിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കുകയാണ്. നാട്ടിലേക്ക് പോകുന്നതിന് പകരം യുഎഇയിലെ വിവിധ വിനോദകേന്ദ്രങ്ങളിൽ തന്നെ അവധിക്കാലം ചെലവഴിക്കാനാണ് കൂടുതൽ പ്രവാസികളുടെയും തീരുമാനം.

ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനു ശേഷം റദ്ദാക്കിയ വിമാന സർവീസുകളിൽ ഭൂരിഭാഗവും ഇന്ത്യൻ വിമാന കമ്പനികൾ പുനരാരംഭിച്ചിരുന്നില്ല. പ്രത്യേക വിമാന സർവീസുകൾ മാത്രമാണ് ഇപ്പോഴും നടത്തുന്നത്. അതിനാൽ തൊട്ടാൽ പൊള്ളുന്ന നിരക്ക് തുടരുകയാണ്.

എന്നാൽ എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറേബ്യ, ഫ്ലൈ ദുബായ് തുടങ്ങി വിദേശ വിമാന കമ്പനികൾ ഭൂരിഭാഗം സർവീസുകളും പുനരാരംഭിച്ചിരുന്നു, മാത്രമല്ല ഡിമാൻഡ് കൂടുന്നതിന് അനുസരിച്ച് ഓരോ സെക്ടറിലേക്കും ഒട്ടേറെ വിമാനങ്ങൾ സർവീസും നടത്തുന്നുണ്ട്. വർധിച്ച ടിക്കറ്റ് ചാർജ് ഈടാക്കുന്നതിനാൽ നഷ്ടം നികത്താൻ ഇവർക്ക് സാധിക്കുന്നുവെന്നാണ് അനൗദ്യോഗിക വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments