ഡെല്‍ഹി : E85 ഇന്ധനത്തെ പ്രോത്സാഹിപ്പിക്കുന്നത് നിലവിലുള്ള വാഹനങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചാരണങ്ങളെ തള്ളി കേന്ദ്രസർക്കാർ. സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിതരണം ഉടൻ നിർത്തലാക്കുമെന്നും, വാഹന ഉടമകള്‍ തങ്ങളുടെ ടാങ്കുകളില്‍ E85 ഇന്ധനം മാത്രം നിറയ്ക്കാൻ നിർബന്ധിതരാകുമെന്നുമുള്ള തരത്തിലാണ് പ്രചാരണം. എന്നാല്‍, E85 ഇന്ധനം പ്രത്യേക തരം വാഹനങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
ലോക പരിസ്ഥിതി ദിനത്തിലാണ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം E85 ഇന്ധനം പുറത്തിറക്കിയത്. ഇന്ധനത്തിന്റെ ഘടനയും അവ ഉപയോഗിക്കാൻ സാധിക്കുന്ന വാഹനങ്ങളുമാണ് E20 പെട്രോളും E85 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം. സാധാരണ E20 പെട്രോളില്‍ 20% വരെ എഥനോളും 80% പെട്രോളുമാണ് അടങ്ങിയിരിക്കുന്നത്. എന്നാല്‍, പുതിയ E85ല്‍ 80% – 85% വരെ എഥനോളും, 14% – 19% വരെ പെട്രോളുമാണ് കലർത്തിയിരിക്കുന്നത്.
സാധാരണ പെട്രോള്‍ വാഹനങ്ങളില്‍ E85 ഇന്ധനം ഉപയോഗിക്കാൻ കഴിയില്ല. കാരണം ഇത് ഫ്ലെക്സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്കായി (FFVs) മാത്രം പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. സാധാരണ പെട്രോളിനേക്കാള്‍ ലിറ്ററിന് ഏകദേശം 20 രൂപ കുറച്ചാണ് കേന്ദ്രസർക്കാർ E85 പുറത്തിറക്കിയിട്ടുള്ളത്. ഡല്‍ഹിയില്‍ E85 ഇന്ധനത്തിന് ലിറ്ററിന് 82.12 രൂപയാണ് വില.
നിലവില്‍ ഉപയോഗിക്കുന്ന വാഹനം ഇനി ഉപയോഗിക്കാൻ കഴിയാതെ വരുമോ എന്നതാണ് സാധാരണക്കാരുടെ മനസിലേയ്ക്ക് ആദ്യം വരുന്ന ചോദ്യം. അത്തരം പ്രശ്നങ്ങളൊന്നുമില്ലെന്നും E20 വാഹനങ്ങള്‍ ഇനിയും ദീർഘകാലം ഓടുമെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
E20, E85 എന്നിവ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഇന്ധനങ്ങളാണ്. അവ വ്യത്യസ്ത തരം വാഹനങ്ങള്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. E85 വരുന്നതു കൊണ്ട് പെട്രോള്‍ വാഹനങ്ങള്‍ നിർത്തലാക്കുമെന്ന് അർത്ഥമാക്കുന്നില്ലെന്നും E85 വിതരണം ചെയ്യുന്ന പമ്പുകളില്‍ ‘E85-അനുയോജ്യമായ കാറുകള്‍ക്ക് മാത്രം’ എന്ന് വലിയ ബോർഡുകള്‍ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബ്രസീലില്‍ പതിറ്റാണ്ടുകളായി E85 ഇന്ധനം ഉപയോഗിച്ചുവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. E20 മുതല്‍ E100 വരെയുള്ള വിവിധ എഥനോള്‍-പെട്രോള്‍ മിശ്രിതങ്ങളില്‍ പ്രവർത്തിക്കാൻ ഫ്ലെക്സ്-ഫ്യുവല്‍ വാഹനങ്ങളുടെ എഞ്ചിനുകള്‍ക്ക് കഴിയും. ഇത് കർഷകരുടെ വരുമാനം വർദ്ധിപ്പിക്കും. മാത്രമല്ല, അസംസ്കൃത എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതിക്ക് ഗുണം ചെയ്യുന്നതിനായി ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഹരിത ഇന്ധനങ്ങളിലേക്ക് മാറാൻ ആളുകള്‍ E85 കാറുകള്‍ തിരഞ്ഞെടുക്കുമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പൂർണ്ണമായും ആഭ്യന്തരമായി നിർമ്മിച്ചതും ഇന്ത്യൻ കമ്പനികള്‍ക്ക് പിന്തുണ നല്‍കുന്നതുമായ വാഹനങ്ങളാണ് ഇപ്പോള്‍ വിപണിയിലിറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

