കൊച്ചി : സി. എം.ആർ.എല്ലിൻ്റെ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആർഎല്ലിൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അന്വേഷണം തുടരാൻ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. എഫ് ഐ ആർ ഇല്ലാത്തപ്പോൾ സമൻസ് അയച്ചെന്ന് വാദിച്ച് അന്വേഷണത്തെ എതിർക്കാനാണ് സി എം ആര്‍ എല്‍ ശ്രമിച്ചത്. എസ്എഫ്ഐഒ സമർപ്പിച്ച റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ അതിനെ അന്തിമ റിപ്പോർട്ടായി കാണാൻ കഴിയില്ലെന്നും കമ്പനി കോടതിയിൽ ചൂണ്ടിക്കാട്ടി.
വർഷങ്ങളായി നിലനിൽക്കുന്ന കേസായതിനാൽ അപ്പീൽ ഹർജിയിൽ വേഗത്തിൽ വാദം കേട്ട് അന്തിമ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. കേസ് തിങ്കളാഴ്ച കോടതിയുടെ പരിഗണനാ പട്ടികയിൽ 105-ാമതായാണ് ഉൾപ്പെടുത്തിയിരുന്നത്. ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടുകോടിയിലധികം രൂപ കൈപ്പറ്റിയതിന് തെളിവുകളുണ്ടെന്ന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.
കേരളത്തിലെ രാഷ്ട്രീയ – വ്യാവസായിക രംഗങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് മാസപ്പടി കേസ്. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ ടി, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവർ സേവനങ്ങളൊന്നും നൽകാതെ ലക്ഷക്കണക്കിന് രൂപ കൈപ്പറ്റി എന്ന ആരോപണമാണ് ഈ കേസിലുള്ളത്.കഴിഞ്ഞ ദിവസങ്ങളിൽ ബാംഗ്ലൂർ ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളിൽ ലഭിച്ച നിർണായക വിവരങ്ങളും രേഖകളും ആവശ്യമെങ്കിൽ ഹൈക്കോടതിക്ക് കൈമാറാൻ തയ്യാറാണെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇഡി അന്വേഷണത്തിനെതിരായ സിഎംആര്‍എല്ലിന്‍റെ ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്‍റെ ഉത്തരവ് വെള്ളിയാഴ്ച, അതുവരെ തുടർ നടപടികൾ പാടില്ലെന്ന് ഇഡിയ്ക്ക് കോടതി നിർദേശം നല്‍കി. തുടർനടപടി പാടില്ലെന്നത് ഹർജിക്കാർക്കെതിരെ മാത്രമാണ് ബാധകം ആവുക വീണ അടക്കം അപ്പീലിൽ കക്ഷി അല്ലാത്തവർക്ക് എതിരെ നടപടി തുടരാം

