വാഷിങ്ടൺ: ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള ഉപരോധം മറികടക്കാൻ ശ്രമിച്ച ഒരു വാണിജ്യ ചരക്കുകപ്പലിനെ തടഞ്ഞ് അമേരിക്കൻ സൈന്യം . കപ്പലിന്റെ എഞ്ചിൻ വിഭാഗത്തിലേക്ക് മിസൈൽ പ്രയോഗിച്ചാണ് കപ്പലിന്റെ മുന്നേറ്റം തടഞ്ഞതെന്ന് അമേരിക്കൻ സൈനിക കമാൻഡ് വ്യക്തമാക്കി. ഗാംബിയയുടെ പതാക വഹിച്ചിരുന്ന ലിയാൻ സ്റ്റാർ എന്ന ചരക്കുകപ്പൽ, അമേരിക്കൻ സേന നൽകിയ 20-ലധികം മുന്നറിയിപ്പുകൾ അവഗണിച്ച് ഇറാനിയൻ തുറമുഖത്തിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതായാണ് ആരോപണം.
സംഭവത്തെ തുടർന്ന് കപ്പൽ ഇപ്പോൾ ഗൾഫ് ഓഫ് ഒമാൻ മേഖലയിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിൽ ഒഴുകിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കൻ സൈന്യം ഇതുവരെ കപ്പലിൽ കയറിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഏപ്രിൽ 17-ന് ആരംഭിച്ച ഉപരോധത്തിനുശേഷം ഇറാനിയൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച ആറ് കപ്പലുകളെയാണ് അമേരിക്ക തടഞ്ഞത്. ഇതിൽ ഒരു കപ്പലിന് യാത്ര തുടരാൻ അനുമതി നൽകിയപ്പോൾ, 116 കപ്പലുകളെ മറ്റ് മാർഗങ്ങളിലേക്ക് തിരിച്ചുവിട്ടതായും സൈന്യം അറിയിച്ചു.
ഇറാനും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെ തുടർന്ന്, പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് വഴി ചരക്ക് ഗതാഗതം വലിയ തോതിൽ ബാധിക്കപ്പെട്ടിരുന്നു. ലോകത്തിലെ എണ്ണ, പ്രകൃതി വാതകം, വളം തുടങ്ങിയവയുടെ വിതരണത്തിൽ ഇത് പ്രതിസന്ധി സൃഷ്ടിച്ചതായാണ് വിലയിരുത്തൽ.ഇറാന്റെ സാമ്പത്തിക വരുമാന മാർഗങ്ങൾ കൂടുതൽ ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഉപരോധം തുടരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഡോണാൾഡ് ട്രംപ് വെള്ളിയാഴ്ച ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും, വെടിനിർത്തൽ കരാർ 60 ദിവസത്തേക്ക് കൂടി നീട്ടുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. കരാർ സംബന്ധിച്ച് അന്തിമ ധാരണയായിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്.ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പൽ ഗതാഗതം കുറഞ്ഞ തോതിൽ തുടരുന്നുണ്ടെങ്കിലും, എല്ലാ യാത്രകൾക്കും തങ്ങളുടെ അനുമതി വേണമെന്നാണ് ഇറാൻ അവകാശപ്പെടുന്നത്.
നിയമങ്ങൾ ലംഘിക്കുന്ന കപ്പലുകളുടെ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി നേരിടേണ്ടിവരുമെന്ന് ഇറാന്റെ സംയുക്ത സൈനിക കമാൻഡ് മുന്നറിയിപ്പ് നൽകി. ഇടപെടുന്ന സൈനിക കപ്പലുകൾ ലക്ഷ്യമാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് 20 ലക്ഷം ഡോളർ വരെ ടോൾ ഈടാക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സമാധാനപരമായ നാവിക ഗതാഗത സ്വാതന്ത്ര്യത്തിന് വിരുദ്ധമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
അതേസമയം, ഖത്തർ ഉപപ്രധാനമന്ത്രി ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ബിൻ അലി അൽ താനി, കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് സ്ഥിരമായി ഫീസ് ഈടാക്കുന്നതിനോട് ഖത്തർ യോജിക്കുന്നില്ലെന്ന് വ്യക്തമാക്കി. എന്നാൽ സുരക്ഷാ പ്രവർത്തനങ്ങൾക്കായുള്ള താൽക്കാലിക ഫീസുകൾ ചർച്ച ചെയ്യാവുന്ന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് നടത്തിയ അന്വേഷണങ്ങളിൽ ഹോർമുസ് കടലിടുക്കിൽ മൈനുകൾ കണ്ടെത്തുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.

