തെഹ്റാൻ : ഇറാന്റെ സമുദ്രപരിധിയിൽ പ്രവേശിച്ച യു.എസ് സൈന്യത്തിന്റെ എം.ക്യു-1 ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമമായ ഐ.ആർ.ഐ.ബി ആണ് വിവരം പുറത്തുവിട്ടത്. ഇറാന്റെ സമുദ്ര അതിർത്തി ലംഘിച്ചെത്തിയ നിരീക്ഷണ ഡ്രോൺ ഉടൻ തന്നെ റെവല്യൂഷണറി ഗാർഡിന്റെ അത്യാധുനിക പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ നിരീക്ഷണ വലയത്തിലാവുകയും, തൊട്ടുപിന്നാലെ വെടിവെച്ചിടുകയുമായിരുന്നുവെന്ന് ഐ.ആർ.ജി.സി അറിയിച്ചു.
ഇറാന്റെ പരമാധികാരത്തിന്മേലുള്ള ഏതൊരു കടന്നുകയറ്റവും കടുത്ത രീതിയിൽ നേരിടുമെന്ന് ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകി. രാജ്യത്തിനെതിരെയുള്ള ഏത് തരത്തിലുള്ള ആക്രമണങ്ങൾക്കും വരും ദിവസങ്ങളിൽ ശക്തമായ മറുപടി നൽകുമെന്നും ഇറാൻ സൈനിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇതോടെ മേഖലയിൽ വീണ്ടും യു.എസ്-ഇറാൻ സംഘർഷ സാധ്യത വർധിച്ചിരിക്കുകയാണ്.ഇറാൻ-യു.എസ് സമാധാന കരാർ സംബന്ധിച്ച ചർച്ചകളും വഴിമുട്ടി നിൽക്കുകയാണ്. അനുമതി കൂടാതെ ഹുർമുസ് കടക്കാൻ ശ്രമിക്കുന്ന വാണിജ്യ കപ്പലുകൾക്കും യു.എസ് പടക്കപ്പലുകൾക്കും ഇറാൻ ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച യു.എസ് എംക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായും ഐ.ആർ.ജി.സി വ്യക്തമാക്കിയിരുന്നു.
ഇറാൻ യുദ്ധത്തിൽ അമേരിക്കയുടെ യുദ്ധവിമാനങ്ങളും ഡ്രോണുകളും അടക്കം നിരവധി എയർക്രാഫ്റ്റുകൾ ഇറാൻ വെടിവെച്ചിട്ടിരുന്നു, കോടികളാണ് ഇതിലൂടെ അമേരിക്കൻ സൈന്യത്തിന് നഷ്ടമായത്.

