ഡാളസ് : അമേരിക്കയിലെ ടെക്സസിലുള്ള ഡാളസിൽ ഇരുനില അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലുണ്ടായ ശക്തമായ പ്രകൃതിദത്ത വാതക സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടുത്തത്തിലും മരണങ്ങൾ സ്ഥിരീകരിച്ചു. ഡാളസിലെ ഓക് ക്ലിഫ് മേഖലയിലുള്ള ‘ദി ക്ലൈഡ്’ (മുൻപ് എൽ റിക്കാർഡോ) എന്ന അപ്പാർട്ട്മെൻ്റ് കെട്ടിടത്തിലാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ദുരന്തമുണ്ടായത്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ കെട്ടിടം പൂർണ്ണമായും തകർന്നു തരിപ്പണമായി.
കെട്ടിടത്തിൽ ജോലി ചെയ്തിരുന്ന ഒരു നിർമ്മാണ തൊഴിലാളി സംഘം അബദ്ധത്തിൽ പ്രകൃതി വാതക പൈപ്പ് ലൈൻ തകർത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗ്യാസ് ചോർച്ചയെക്കുറിച്ചുള്ള പരാതി ലഭിച്ച് മിനിറ്റുകൾക്കകം ഡാളസ് ഫയർ-റെസ്ക്യൂ (DFR) സംഘം സ്ഥലത്തെത്തി. എന്നാൽ ഉദ്യോഗസ്ഥർ പരിശോധന ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് കെട്ടിടം വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിൽ നിരവധി പേർ മരണപ്പെട്ടതായി ഡാളസ് ഫയർ-റെസ്ക്യൂ അധികൃതർ വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരിച്ചവരുടെ കൃത്യമായ എണ്ണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ പരിക്കേറ്റ നാല് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിൽ താമസിച്ചിരുന്ന 11-ഓളം പേരെക്കുറിച്ച് നിലവിൽ വിവരമൊന്നുമില്ലെന്ന് റിപ്പോർട്ടുണ്ട്. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ നൂറോളം അഗ്നിശമന സേനാംഗങ്ങൾ തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോൾ മൃതദേഹങ്ങൾ വീണ്ടെടുക്കുന്ന ഘട്ടത്തിലേക്ക് മാറിയതായി ഫയർ ഫോഴ്സ് അറിയിച്ചു.
സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലകൾ തകരുകയും അവശിഷ്ടങ്ങൾ തെറിച്ചുവീഴുകയും ചെയ്തു. സുരക്ഷ മുൻനിർത്തി പ്രദേശത്തെ ഗ്യാസ്, വൈദ്യുതി വിതരണങ്ങൾ താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി സമീപത്തെ ഹൈസ്കൂളിൽ പ്രത്യേക ഫാമിലി അസിസ്റ്റൻസ് സെൻ്റർ ആരംഭിച്ചതായി ഡാളസ് മേയർ അറിയിച്ചു. ഡാളസ് ഫയർ ഇൻവെസ്റ്റിഗേറ്റർമാരും പൊലീസും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

