വാഷിംഗ്ടൺ : ഇറാൻ സംഘർഷത്തെ തുടർന്ന് ഇന്ധനവില കുതിച്ചുയർന്നതോടെ അമേരിക്കയിൽ വിലക്കയറ്റം (പണപ്പെരുപ്പം) കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. യുഎസ് ഫെഡറൽ റിസർവ് പ്രധാനമായി ആശ്രയിക്കുന്ന പേഴ്‌സണൽ കൺസംപ്ഷൻ എക്സ്പെൻഡിച്ചർ സൂചിക പ്രകാരം ഏപ്രിലിലെ പണപ്പെരുപ്പം 3.8 ശതമാനമായി വർദ്ധിച്ചതായി വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരിയിൽ ഇത് 2.8 ശതമാനമായിരുന്നു. 2023 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.
ഇറാൻ-ഇസ്രായേൽ യുദ്ധത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ ചാനലായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ആഗോള എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്നും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതു മുതൽ ഇതുവരെ യുഎസിൽ പെട്രോൾ വിലയിൽ 48 ശതമാനത്തിൻ്റെ വർദ്ധനവാണുണ്ടായത്. നിലവിൽ ഒരു ഗാലൻ പെട്രോളിന് 4.42 ഡോളറാണ് ശരാശരി വില.വിലക്കയറ്റം തുടർച്ചയായ രണ്ടാം മാസവും ഉയർന്നതോടെ ജനങ്ങളുടെ സമ്പാദ്യ നിരക്ക് 2.6 ശതമാനമായി കുറഞ്ഞു. 2022-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റുകളെ ദുരിതത്തിലാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുതിയ ഫെഡ് ചെയർമാൻ കെവിൻ വാർഷ് ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് ഈ വെല്ലുവിളി ഉയർത്തുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
പണപ്പെരുപ്പം നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ ബാങ്ക് പലിശ നിരക്കുകൾ ഉയർത്താൻ ഫെഡറൽ റിസർവിന് മേൽ സമ്മർദ്ദമേറുകയാണ്. നിലവിൽ അടിസ്ഥാന പലിശ നിരക്ക് 3.5% മുതൽ 3.75% വരെയാണ്. അടുത്ത മാസം നടക്കുന്ന യോഗത്തിൽ പലിശ നിരക്കിൽ മാറ്റമുണ്ടായേക്കില്ലെന്നാണ് സൂചനയെങ്കിലും, ഈ വർഷം അവസാനത്തോടെ നിരക്കുകൾ വീണ്ടും വർദ്ധിക്കാൻ 35 ശതമാനത്തിലധികം സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. കോവിഡ് കാലത്ത് പൂജ്യം ശതമാനമായിരുന്ന പലിശ നിരക്കാണ് ഇപ്പോൾ ഈ നിലയിൽ എത്തിനിൽക്കുന്നത്.

