ത്യാഗത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും പാഠങ്ങള്‍ ഓര്‍മ്മിപ്പിച്ച് വിശ്വാസികള്‍ ബലിപെരുന്നാള്‍ നിറവില്‍. ഏതു പ്രതിസന്ധിയിലും അചഞ്ചലമായ ദൈവവിശ്വാസം കൈവിടാത്ത ഇബ്രാഹീം നബിയുടെ ശൈലി ജീവിതത്തിലേക്കു പകര്‍ത്താന്‍ ആഹ്വാനം നല്‍കുകയാണ് പെരുന്നാള്‍. മക്കയില്‍ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ തുടരുകയാണ്.
കാത്തുകാത്തിരുന്നു ജീവിതത്തിന്റെ സായം സന്ധ്യയില്‍ കൈവന്ന പുത്രനെ ദൈവ കല്‍പനയില്‍ ബലി നല്‍കാന്‍ സന്നദ്ധനായ ഒരു മനുഷ്യന്റെ ത്യാഗോജലമായ ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലാണു ബലിപെരുന്നാള്‍. ഇബ്രാഹിം നബിയുടെ ഓര്‍മകളില്‍ പള്ളികളും വീടുകളും തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ്.
പെരുന്നാള്‍ നമസ്കാരത്തിനുശേഷം പരസ്പരം ആലിംഗനം ചെയ്തും ആശംസകള്‍ ചൊരിഞ്ഞും വിശ്വാസിക്കൂട്ടം സാഹോദര്യത്തിന്റെ ജീവിത പാഠം അടുത്ത തലമുറകളിലേക്കും പകരും. തുടര്‍ന്നു ബന്ധുമിത്രാദികളുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നത് വഴി ബന്ധങ്ങള്‍ക്ക് ഈടും പാവും നല്‍കുന്നതിലാകും ശ്രദ്ധ. പെരുന്നാള്‍ നമസ്കാരം പിന്നിടുന്നതോടെ പ്രധാന ചടങ്ങുകളില്‍ ഒന്നായ ബലിയറുക്കല്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കമാവും. മഴകണക്കിലെടുത്തു കോഴിക്കോട് കടപ്പുറത്തേത് അടക്കം പലയിടങ്ങളിലും തുറസായ സ്ഥലങ്ങളിലെ ഈദ് ഗാഹുകള്‍ ഇത്തവണയില്ല.

