വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പദവിയിൽ നിന്ന് മുൻ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം തുൾസി ഗബ്ബാർഡ് രാജിവെച്ചു. ഇറാൻ വിഷയത്തിൽ വൈറ്റ് ഹൗസുമായി നിലനിന്നിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഈ നാടകീയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. ട്രംപിന്റെ ദേശീയ സുരക്ഷാ ടീമിലെ ഏറ്റവും നിർണായകമായ ഒരു മാറ്റമായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ രാജിയെ വിലയിരുത്തുന്നത്.
വിദേശ സൈനിക ഇടപെടലുകളുടെ കടുത്ത വിമർശകയായ തുൾസി ഗബ്ബാർഡ്, സെനറ്റിന്റെ അംഗീകാരത്തോടെ 2025 ഫെബ്രുവരിയിലാണ് ട്രംപ് ഭരണകൂടത്തിന്റെ പരമോന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥയായി ചുമതലയേറ്റത്. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഹിന്ദു അമേരിക്കൻ വനിതയും, ആദ്യത്തെ വനിതാ സൈനിക കോംബാറ്റ് വെറ്ററനും (യുദ്ധമുഖത്ത് പങ്കെടുത്ത വ്യക്തി) കൂടിയാണ് അവർ.

