തിരുവനന്തപുരം : കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ ഇന്ന് അധികാരമേൽക്കും. പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചടങ്ങിനെത്തും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
വിഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവരും മാത്രം വേദിയിൽ മതിയെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞിരുന്നു. ഇക്കാര്യം ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി ഗവർണർ നിർദേശം നൽകി.
തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് വേദിയിൽ ഇരിപ്പിടം നൽകിയിരുന്നു. എന്നാൽ, ഇത്തവണ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കൾക്കും സദസ്സിലായിരിക്കും ഇരിപ്പിടം. സത്യപ്രതിജ്ഞാചടങ്ങിൽ മുഖ്യമന്ത്രിയും കാബിനറ്റ് അംഗങ്ങളും മാത്രമേ വേദിയിലുണ്ടാകാവൂ എന്നാണ് പ്രോട്ടക്കോൾ.
മുഖ്യമന്ത്രി വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.
ആദ്യ കാബിനറ്റിൽ വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങൾക്കാണ് സാധ്യത. ആശ പ്രവർത്തകരുടെ ഓണറേറിയം കൂട്ടും. കൊച്ചി മാതൃകയിൽ സംസ്ഥാനത്താകെ ഇന്ദിര കാന്റീൻ. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്രയിലും പ്രഖ്യാപനം വന്നേക്കും.

